കവിത
കറുമ്പിച്ചി
| മൂന്തൂർ കൃഷ്ണൻ
കറുത്ത പെണ്ണെ
നിന്നെക്കുറിച്ചു പാടാൻ
ഇവിടെ ആരുമില്ല..
നീ സുന്ദരിയല്ലാത്തതു കൊണ്ടല്ല
നിൻ്റെ യുവത്വത്തിന് ചൂരും
ചൂടുമില്ലാഞ്ഞുമല്ല..
അതൊരു സംസ്കാരത്തിൻ്റെ
തലതിരിഞ്ഞ രീതി മാത്രമാണ്..
കറുപ്പിനെതിരെ
പുറം തിരിഞ്ഞു നിൽക്കുന്ന
ഒരു സംസ്കൃതി..
ഇതിനെതിരെ കരുതിയിരിക്കുക
നിറങ്ങളുടെ രാഷട്രീയത്തെ വേർതിരിച്ചറിയുക
തന്ത്രപരമായി ഒളിപ്പിക്കപ്പെട്ട
നിറങ്ങളുടെ രാഷ്ട്രീയത്തിൻ്റെ വിനാശകരമായ വ്യാധിയെ,
തിരിച്ചറിയാൻ പറ്റാത്ത വിധം
പല നിറത്തിലുള്ള
കൊടികളുടെ
മായാ വലയത്തിൽ
നിനക്കു ദിശാബോധം
നഷ്ടമായിരിക്കുന്നു..
ഓർക്കുക,
കറുപ്പ് സുന്ദരമാണ്
കറുപ്പ് നന്മയുടെ നിറമാണ്
കറുപ്പു നിന്റെ
അധികാരത്തിൻ്റെ അടയാളമാണ്
കറുപ്പിനെ ഇണ ചേർത്തും
കറുപ്പിനെ തുണ ചേർത്തും
കറുപ്പിൻ്റെ മക്കളെ
പെറ്റു പൊലിക്കുക തന്നെ വേണം
അഴകീ
കളങ്കമില്ലാത്ത
കറുപ്പിൻ്റെ യുവത്വം
നിന്നെ കാർത്തുമ്പിയെപ്പോലെ സുന്ദരിയാക്കുന്നു..
നിന്റെ അംഗലാവണ്യം
അതീവ ഹൃദ്യം..
നെല്ലിൻപൂ മണക്കുന്ന
നിൻ്റെ മേനി ആസ്വാദ്യകരം
നാലാവു പോലെ നിറഞ്ഞ നിന്റെചിരി..
കരളിൽ തറക്കുന്ന കറുകറുത്ത നോട്ടം.. കളകളം പോലെ തെളിഞ്ഞ ശബ്ദം..
മായമില്ലാത്ത മഷി കൊണ്ടെഴുതിയ കുറളാണു നീ..
അഴകിൻ്റെ കറുത്ത പക്ഷമാണു നീ..
കറുപ്പു സുന്ദരമാണ്.
കറുപ്പ് സുരഭിലമാണ്..
■
• മൂന്തൂർ കൃഷ്ണൻ
Comments
Post a Comment