അനുഭവം
വാഗാ അതിർത്തിയിലെ ത്രസിപ്പിക്കുന്ന ഒരു സായാഹ്നം
• ടോമി ഈപ്പൻ
തെക്ക് കൊച്ചു കേരളത്തിൽ നിന്നും അങ്ങ് വടക്കെ അറ്റത്തു പാകിസ്താനുമായി തൊട്ടുരുമി കിടക്കുന്ന അല്ലൂര എന്ന അതിർത്തി പട്ടണം വരെ ഉള്ള യാത്ര ഒട്ടുമിക്ക സംസ്ഥാങ്ങളും കടന്നു പകുതി ട്രെയിനിലും പിന്നെ വിമാനത്തിലും ആയിരുന്നു. അതിർത്തി സംസ്ഥാനമായ പഞ്ചാബിലെ അമൃതസർ, വിനോദ സഞ്ചാരികൾക്കു എന്നും ഹരം പകരുന്നു. സിക്കുമത ആസ്ഥാനമായ സുവർണ ക്ഷേത്രവും ജാലിയൻ വാലാബാഗ് രക്തസാക്ഷി സ്മൃതി മണ്ഡപവും, പിന്നെ എല്ലാത്തിനുമുപരി അല്ലൂരാ - വാഗാ അതിർത്തിയിലെ റിട്രീറ് പരേഡും പതാക ഇറക്കലും ഒത്തിരി സുഖാനുഭവങ്ങൾ നൽകുന്നു, ഹൃദയ ചെപ്പിൽ എന്നും സൂക്ഷിക്കാൻ.
ആണ്ടു വട്ടത്തിൽ മുന്നൂറ്റി അറുപത്തഞ്ചു ദിവസവും വൈകുന്നേരം സൂര്യാസ്തമനത്തിനു മുൻപ് ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ഒരു സൈനിക അഭ്യാസമത്രെ എന്നും അവിടെ നടക്കുന്നത്. അവസാനം രണ്ട് പതാകകളും താഴ്ത്തുന്നതോടെ പരിപാടികൾ അവസാനിക്കുന്നു. നൈമിഷികമായ സ്നേഹ പ്രകടനങ്ങൾക്ക് ശേഷം ഉള്ളിലൊതുക്കിയ വൈരാഗ്യത്തിലേക്കു തിരികെപോകുന്നു.
പാകിസ്താനിലെ ലാഹോറിൽ നിന്നും ഇരുപത്തൊമ്പത് കിലോമീറ്റർ അകലെയത്രേ ഈ വാഗാ അതിർത്തി. അമൃതസറിലെ വടക്കേ അറ്റത്തെ ചെറു ഗ്രാമമായ അല്ലൂറയാണ് ഭാരത അതിർത്തി. ഒരു വലിയ ഗേറ്റ് ഈ സമയം തുറന്നിടകയായി. പിന്നെ പട്ടാള ചിട്ടയിലുള്ള അഭ്യസങ്ങൾ അരങ്ങേറുകയായി. നെഞ്ചറ്റം വരെ കാൽമുട്ട് പൊക്കിയുളള കായികാഭ്യാസം ആരെയും ത്രസിപ്പിക്കും. ഒത്തിരി വലിയ ത്രിവർണ പതാക ജനലക്ഷങ്ങളുടെ ഉയർന്ന കൈകളിലൂടെ തെന്നി തെന്നി കടന്നുപോകുമ്പോൾ ഉള്ളിലെ സ്നേഹവികാരങ്ങൾ അതിരുകൾകകപ്പുറത്തെത്തുന്നു.
രാജ്യസ്നേഹികളുടെ ഹൃദയന്ദ്രങ്ങളിൽ ഊഷ്മള വികാരങ്ങൾ അണപൊട്ടി ഒഴുകുന്ന അസുലഭ നിമിഷങ്ങൾ.!
പതിനായിരങ്ങൾ ഇവിടെ തിങ്ങി നിറയുമ്പോൾ, അപ്പുറത്ത് പാക് അതിർത്തിയിൽ അത്രയൊന്നും ആവേശം നിറയുന്നില്ല. ദിഗന്തങ്ങളെ ഭേദിക്കുന്ന് സ്വരത്തിൽ എആർ റഹ്‌മാന്റെ 'ജയ് ഹോ' ഏറ്റു പാടുമ്പോൾ, വന്ദേ മാതരം തൊണ്ട തുറന്നുരുവിടുമ്പോൾ ഐക്യ ഭാരത വേദിയായി മാറിയ വാഗാ അതിർത്തിയിലെത്തിയവരുടെ ഹൃദയങ്ങളിൽ രാജ്യസ്നേഹത്തിന്റെയും ഒരുമയുടെയും അതിതാളം, അനുവാച്യനുഭവം നിറഞ്ഞുനിന്നു.....■
Comments
Post a Comment