കഥ

ധാര

രാഹുൽ സി കെ

കുറേ കാലങ്ങൾക്കു ശേഷമാണ് പ്ലസ്ടു ഓട്ടോഗ്രാഫ് എടുത്തു നോക്കുന്നത്. ഒറ്റയിരിപ്പിന് മുഴുവൻ വായിച്ചു കഴിഞ്ഞ ശേഷം ഏറ്റവും ഹൃദയസ്പർശിയായി തോന്നിയത് ധാരയുടെ വാക്കുകളാണ്. പണ്ടും കൂട്ടുകാരെ കൈയ്യിലെടുക്കുന്നതിൽ പ്രത്യേക കഴിവാണ് അവൾക്ക് .

പറയാതെ തമ്മിൽ മനസ്സിലാക്കിയ പ്രണയത്തിൻ ഓർമ്മകൾ എൻ മനസ്സിലോടിയെത്തിയപ്പോൾ പഴയ ചിന്തകളിലൂടെ ഊളിയിടാൻ പെട്ടെന്ന് സാധിച്ചു. ഫിസിക്സ് ക്ലാസ്സിൽ ഒരുമിച്ച് അടിവാങ്ങുന്നതും ഒഴിവു സമയങ്ങളിൽ സ്കൂളിനടുത്തുള്ള കടയിൽ നിന്ന് ഒരു രൂപയ്ക്ക് തേൻമിഠായി വാങ്ങി പങ്കുവെച്ച് കഴിക്കുന്നതും എല്ലാം കൺമുന്നിലെന്നപോലെ തെളിഞ്ഞു വരുന്നു. മോഡൽ എക്സാമിന് കെമിസ്ട്രി ലാബിൽ സാൾട്ട് കിട്ടിയിട്ടും പ്രൊസീജിയർ എഴുതാൻ നട്ടംതിരിഞ്ഞ എന്നെ സഹായിച്ചതും നീ മറന്നിരിക്കും. പക്ഷേ, ഞാൻ മറന്നിട്ടില്ല. സുവോളജിയ്ക്ക് ഡിസക്ഷനുവേണ്ടി നിനക്കായ് എന്നും പാറ്റയെ ഞാൻ കൊണ്ടുവന്നിരുന്നത്  ഒരിക്കലും നമ്മുടെ ഓർമ്മയിൽ നിന്നും മാഞ്ഞു പോവില്ലല്ലോ. ആ നന്മ നിറഞ്ഞ കാലത്തേക്കുള്ള മടങ്ങിപ്പോക്കിനി ഉണ്ടാകില്ലല്ലോ ധാര.ധാര ധാരയായ് ഒഴുകി വരുന്നനിന്നോർമ്മകൾക്ക്  അന്ത്യമില്ലെന്ന് വിശ്വസിക്കുവാനാണെനിയ്ക്കിഷ്ടം. 

ഓട്ടോഗ്രാഫിൽ നൽകിയ ലാൻഡ്‌ലൈൻ നമ്പർ എന്നാണ് നീ കട്ട് ചെയ്തത് ? ഒരുപാട് ചോദ്യങ്ങൾ നിനക്കായ് എൻ മനസ്സിൽ കിടപ്പുണ്ട് .ഒരു സമാഗമത്തിനായ് വെമ്പുന്ന മനസ്സുമായി ഓട്ടോഗ്രാഫ് എടുത്തു വെച്ചു.



രാഹുൽ

Comments

Popular Posts