ചെറുകഥ


>> രാജീവ്‌ ഓണസ്റ്റി   

മുത്തുമണിയ്ക്ക്‌..

കാഴ്ചകൾ ഓരോരുത്തർക്കും ഒരേപോലല്ല

ഇന്നലെ പെയ്ത മഴയിൽ പൊഴിഞ്ഞ ഇലകൾ പെറുക്കി ഒരു മൂലയ്ക്ക്‌ കൂട്ടിയിടാം എന്ന് കരുതി ചൂൽ കൊണ്ട്‌ അടിച്ച്‌ വാരാൻ തുടങ്ങിയപ്പോഴാണ്, നീളത്തലമുടി മുഴുവൻ നനഞ്ഞ്‌ ഒട്ടി ആരോ വികലാംഗമാക്കിയ നിലയിൽ ബാർബിയെക്കണ്ടത്‌. ബാർബിയുടെ കൂട്ടുകാരി പതുങ്ങി നിൽപ്പുണ്ടാവും തല്ല് പേടിച്ച്‌  ഇവിടെവിടെയോ ..അച്ഛന്റെ പിന്നിലൊളിക്കുന്നുണ്ടാവും.കണ്ണുപൊത്തിയാരോ വിളയാടുന്നു പിന്തിരിഞ്ഞ്‌ നോക്കിയാൽ കാണില്ല.

അവൾ തന്നെ എന്റെ മുത്തുമണി ...

ബാർബിയെ ഇങ്ങനെയൊക്കെ ചെയ്താൽ അച്ഛനടിക്കുമെന്ന് ഭയന്നിട്ടാകണം; ഇനി കണ്ടു കിട്ടില്ല.

ഇറയത്ത്‌ ഇപ്പോഴും പെയ്തതിൻറെ തുള്ളികൾ ഇറ്റ്‌ വീഴുന്നുണ്ട്‌.

മറക്കുക എന്നാൽ വേരിട്ടൊടുങ്ങലാണ്, മറക്കാതിരിക്കാൻ ഉറങ്ങി പോകാതിരിക്കാൻ ഞാനുണർന്നേയിരിക്കുന്നു.ഈ പിശറൻ കാറ്റും ഇടയ്ക്കിടക്കുള്ള മഴയും തൂവാനവും കൊണ്ടാൽ പനിപിടിച്ച്‌ കിടപ്പാവും ,എന്നാലും കോപിക്കുക അസാദ്ധ്യം.ഒരു കുട്ടിയുടുപ്പിന്റെ വലിപ്പത്തിൽ ചെറിയ ഒരു പേടകം പണിത്‌ വീടിന്റെ കൊഞ്ചൽ നിറയുന്ന സ്വരവും പ്രകാശവും അതിൽ നിറച്ചിടം വരെയേ ഓർമ്മ നിൽക്കുന്നുള്ളു.പിന്നെ മുഴുവൻ സമയവും ഞങ്ങൾ കളികളിലായി തൊടിപ്പടർപ്പുകൾക്കിടയിൽ, ഊഞ്ഞാൽ മാവിനരികിൽ , വെള്ളാരം കല്ല് പെറുക്കി എന്തെല്ലാം കളികൾ.അവിടം കഴിഞ്ഞാൽ അപകടമാണ്, ആ പെരുവയറൻ മുത്തുക്കിണർ..  കുട്ടികളെ കാണുമ്പോൾ വല്ലാത്തൊരാവേശമാണവന്,അവന്റെ കണ്ണ് പൂട്ടിക്കെട്ടി ഞാൻ.പിന്നവനെ കൊണ്ടും ശല്യം ഇല്ലാതായി.


ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ ആണ് അച്ഛന് കുറുമ്പിയുടെ കുറുമ്പ്‌ അളക്കാൻ കഴിയുക.

അതിനെന്താ ചുറ്റുവട്ടം മുഴുവൻ ബന്ധുക്കളല്ലേ?!

"നീയില്ലെങ്കിലും അവൾ ഈ കൺ വലയത്തിനുള്ളിൽ നിറകുടമായി തുളുമ്പും നോക്കിക്കോ?!".

കണ്ണുകളുണ്ടെങ്കിൽ  തന്നെ കാഴ്ച ഓരോരുത്തർക്കും ഓരോ തരത്തിലാകാം അതിന്റെ പൊരുൾ ഓരോ വിധത്തിലാകാം എന്നറിയുന്നതിനേക്കാൾ വലിയ കാഴ്ചയില്ല. വിരുന്നൊരുക്കിവന്നപ്പോൾ തന്റെ താരകപുത്രിമാരെ തന്നെ കതിരോന് ബലികൊടുക്കേണ്ടി വന്ന ചന്ദ്രികയായി ഞാൻ. തൊടിയിലൊരിടത്ത്‌ കുറ്റിത്തയ്യും ചെറുവാഴയും വളരുന്നത്‌ കാതോർത്തിരുന്നു ഞാൻ; ആ കാഴ്ചകൾക്ക്‌ അപ്പുറത്തും ഇപ്പുറത്തുമില്ല ഈ വളപ്പിനുള്ളിൽ ചെറിയ കൂടുപോലെ ഞങ്ങൾ വിളയാടിക്കൊണ്ടിരിക്കുന്നു .

"എന്റീശ്വരാ ഞാനിനി എന്തൊക്കെ കാണണം ? കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേടാ ..ഇനിയതിനോട്‌ പൊരുത്തപ്പെടാൻ കഴിയണം..നിങ്ങൾക്ക്‌ അധികം പ്രായമായില്ലല്ലോ ഇനിയും എത്ര മുത്തുമണിമാർ വാഴുമിവിടെ?!

അമ്മയെ വേലിയ്ക്കൽ വിളിച്ച് പറയുന്ന  വിശേഷം എന്നെ ഉൾബോധത്തിലേക്ക്‌ ആനയിച്ചു.

"ആ കാലൻ ജയിലിൽ നിന്നിറങ്ങിയിട്ടുണ്ട്‌"

കാലനെ കാലപുരിക്കയക്കാൻ കാത്ത്‌ വച്ച ആയുധം പിന്നാമ്പുറത്തെ ഉത്തരത്തിൽ നിന്നെടുത്ത്‌ എളിയിൽ തിരുകിയപ്പോഴേക്കും എന്റെ കാലം വീണ്ടും സഞ്ചരിച്ച്‌ തുടങ്ങിയിരുന്നു.

Rajeev Honesty

Comments

Popular Posts