കവിത


• രമ്യ ബിനോയ്

പക്ഷിഭാഷ

തിരണ്ടനാളിലവൾ

കുളിക്കാനിറങ്ങിയപ്പോൾ

താമരക്കോഴി കൊക്കിപ്പറഞ്ഞു:

‘മണ്ണോളം താഴല്ലേ പെണ്ണേ’ന്ന്.

ആദ്യമായവൻ  ഇഷ്ടം പറഞ്ഞ

സന്ധ്യയിൽ ഇലഞ്ഞിമരച്ചില്ലയിലെ

മണ്ണാത്തിപ്പുള്ള് ചൂളമടിച്ചു:

'നമ്പല്ലേ ഓനേ പൊന്നേ’ന്ന്.

കാട് കാണാൻ പോവാന്നവൻ

വിളിച്ചപ്പോൾ ദേശാടനക്കാരി

പച്ചിലക്കുരുവി കുറുകി:

‘കാടല്ലത് കണ്ണേ, മരുവെ’ന്ന്.

കൂടെപ്പോരെന്നവൻ വിളിച്ച

നാളില്‍ പൂത്താങ്കീരിക്കൂട്ടം

കലപിലെ കരഞ്ഞു:

‘ഓന്റൊപ്പരം പോവല്ലേ  ഏണേ’ന്ന്

നീട്ടിയ ഇടങ്കയ്യിൽ വലംകൈ

ചേർത്ത് ഒതുക്കിറങ്ങിയപ്പോൾ

വിഷുപ്പക്ഷി തേങ്ങിപ്പാടി:

‘കള്ളൻ കൊണ്ടോയേ’ന്ന്.

പുലയാട്ട് കേട്ട് വിമ്മിക്കരഞ്ഞപ്പോൾ

ചെമ്പരത്തിക്കാട്ടിലിരുന്ന്

സൂചിമുഖിപ്പക്ഷി ചിലച്ചു:

"തമ്പാച്ചീ കാക്കണേ കുഞ്ഞീനേ"ന്ന്.

ചവിട്ടേറ്റ മാറും മീടും

തിരുമ്മി നെലോളിച്ചപ്പോൾ

ചെമ്പോത്തിണകൾ ഏങ്ങി:

‘ചതി പറ്റിയല്ലോ മുത്തേ’ന്ന്.

നിറവയറോടവൾ മോന്തിക്ക്

കഴുക്കോലിൽ തൂങ്ങിയപ്പോൾ

കുത്തിച്ചൂടാൻ കൂവിക്കരഞ്ഞു:

'കുലങ്കുത്തിപ്പോയേ എന്റച്ചീ'ന്ന്.

•••

(ഒപ്പരം - ഒപ്പം, ഏണേ- പെണ്ണേ, തമ്പാച്ചി - ദൈവം,  മീട് - മുഖം, അച്ചി - മുത്തശ്ശി)

Comments

Popular Posts