കവിത
അഗ്നിപുത്രി
• വിനയശ്രീ
അഗ്നിപുത്രി, ഞാൻ
ആരാമ പുഷ്പങ്ങളിൽ
തീക്കാറ്റൂതുമ്പോൾ
ആവിയായിപ്പോയ
മോഹഭംഗങ്ങളുടെ
അണഞ്ഞ കനൽക്കട്ടകളെ
ഊതിജ്വലിപ്പിക്കുന്ന
അഗ്നി പുത്രി ഞാൻ..
എന്റെ അശ്വങ്ങളുടെ
കണ്ണിലെ തിളക്കത്തെയും
അഗ്നിയായ് പടർത്തിയവൾ
അവയുടെ വേഗത്തെ
കൊടുങ്കാറ്റാക്കിയോൾ
മൃദുലമാം സ്വപ്നങ്ങളെ
നിരാശയുടെ തണുത്ത
ജലത്താൽ അവർ
കെടുത്തുമ്പോൾ
സ്നേഹത്തിന്റെ
അഗ്നി ജ്വലിപ്പിച്ചവൾ
ഋതുക്കളിൽ വസന്തത്തിൻ
കനൽപ്പൂക്കളെ വിരിയിച്ചവൾ കറുത്തകുപ്പിവളകളിൽ
കാമം ഉറഞ്ഞുതുള്ളുമ്പോൾ
കനത്ത കൈപ്പത്തികൾ
രക്തം പൊടിപ്പിക്കുമ്പോൾ പാവാടചരടലിലെകെട്ടിനു മുറുക്കമഴിയുമ്പോൾ
തീക്കാറ്റായി പുനർജനിക്കുന്നവൾ വയലേലകളിലെ ചേറിൽ,
വെന്തചോറ് താഴ്ന്നുപോകുമ്പോൾ അറകളിൽ നെല്ലായി
നിരാശ നിറയുമ്പോൾ
മനസ്സിൽ പ്രത്യാശയുടെ അഗ്നിവാരിവിതറിയോൾ
ബന്ധങ്ങൾ ബന്ധനമായ്
കാരാഗൃഹം പോലടയുമ്പോൾ
ചങ്ങലകൾ ഭ്രാന്തമായ്
ആർത്തു ചിരിക്കുമ്പോൾ
നഷ്ടസാമ്രാജ്യത്തിനായ്
ആയുധം നഷ്ടമായ് അരചൻ
തേങ്ങി വിളിക്കുമ്പോൾ അഗ്നിതേറ്റയുമായുഴുതു മറിച്ചവൾ ഇനിയൊരു പുലരിക്കായ്
മഴപെയ്യാൻ വെമ്പുന്നവാനമായ് പൂർണതയിലെ പൂർണരൂപമായ്
അഗ്നി നാവൂറുന്ന വാരാഹി-
മൂർത്തിയായ് പുനർജനിച്ചോരു
അഗ്നി പുത്രി ഞാൻ..
ആലപ്പുഴ എസ് എൽപുരം സ്വദേശി. കവി, നോവലിസ്റ്റ്, സംഘാടക. നോവൽ രചനാ മത്സരത്തിൽ 'പാഞ്ചാലിയുടെ ഏഴുരാത്രികൾ' എന്ന കൃതിക്ക് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. 'ഹിഡുംബി' എന്ന കൃതിക്ക് കാവാലം അവാർഡും ലഭിച്ചു. ശിഖണ്ഡി, ഗൗരീക്ഷേത്രം, ദുശ്ശള, ശകുന്തള തുടങ്ങിയവയാണ് മറ്റു നോവലുകൾ.
പാഞ്ചാലിയുടെ ഏഴു രാത്രികൾ, ഹഡുംബി എന്നിവ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ആലപ്പുഴ റോട്ടറി ക്ലബ്ബിന്റെ 'വുമൺ ഓഫ് ദി ഇയർ' 2020 പുരസ്കാരത്തിനും അർഹയായി.
Comments
Post a Comment