കവിത
ബുദ്ധൻ
പിറക്കുന്നു!
• സൂരജ്
ഹേ തഥാഗത..
അറിയുന്നു ഞാൻ നിന്നെ,
നാലു ധർമ്മങ്ങളും,
അഷ്ടാംഗമാർഗവു-
മറിഞ്ഞവൻ നീ!
സഹ്യാദ്രിഗിരി ശൃംഗങ്ങളിൽ,
ചൈത്യസ്‌മൃതികളിൽ-
ധ്യാനമഗ്നനാം ബോധിസത്വൻ!
അഴലിന്നാഴി കടഞ്ഞമൂർത്തമാം-
അമൃതകുംഭം പകർന്നവൻ!
ഉണർന്നവൻ നീ നിദ്രയിലും-
ഉണർവ്വിൽ ഉയർന്നവൻ!!
ഹേ, ഝായക....
നിനക്കു പിൻപേ വന്ന
ഒരായിരം ബുദ്ധന്മാരുടേതാം
വിഹാരവിശ്വം ഇത്..
നീയരുളിയ ധർമ്മപഥത്തിൽ-
ചോരപ്പുഴ ഒഴുക്കിയോർ,
കാഷായം കാൽക്കീഴേ
ചവട്ടിമെത്തിച്ചവർ,
മണ്ണിനും പെണ്ണിനും വിലപറഞ്ഞ-
മിതാർത്തി തീർത്തവർ,
കൃഷ്ണനും ക്രിസ്തുവിനും നബിക്കും
കുറുകെ ഇരുതല വാളോങ്ങിയർ!!
ഹേ, അമിതാഭ....
പരമാനന്തമാം മഹാ-
പരിനിർവ്വാണം അണഞ്ഞതെന്തേ നീ?
പാപിക്കും മദ്ധ്യമമാർഗം അരുളി,
ത്യാഗത്തിൻ പൊൻകിരണങ്ങൾ ചൊരിഞ്ഞതെന്തേ?
ചിന്തനം ജ്ഞാനംപോൽ ശ്രേയസ്കരമെങ്കിലും-
ഇന്ന് ഞാനറിയുന്നു...
നിദ്രാലസ്യത്തിൽ മുഴുകിയ
നീയാം ബുദ്ധനെ...
ജനനമരണചക്രങ്ങൾക്കതീതനാം ബുദ്ധാ...
സഹസ്രകോടി സൂര്യതേജസ്സോടിനിയും,
നീ ഭൂജാതനാവട്ടെ.....
ജ്ഞാനം ത്യജിച്ചു ത്യാഗം രചിക്കട്ടെ.!!
••
Comments
Post a Comment