കവിത

വെളിച്ചപ്പാട്ട്

രമാ പിഷാരടി

കാലമിരുണ്ടൊരു

 വഴിയിൽ നിന്നും 

കാണുന്നുണ്ടൊരു

 കരിനാഗത്തെ


ജടമുടിപോലെ

 യിരുണ്ടുപിണഞ്ഞ്

കരിമുകിൽ പോലെ

 കറുത്ത് തടിച്ച്


മലമുകളിൽ 

നിന്നോടി വരുന്ന

മഴപോലാകെ

യുലഞ്ഞ് കുതിർന്ന്


കൈയിൽ വാളിൻ

മിന്നലുതിർത്ത്

തളയും പട്ടും

ചാർത്തിക്കെട്ടി


കാലിൽ വെങ്കല-

മുത്തുകൾ കെട്ടി

നേർനെറ്റിത്തട-

മാകെയുടച്ച്


നിന്നുറയുന്ന 

 വെളിച്ചപ്പാടിൻ

കണ്ണുകളാകെ- 

യിരുണ്ട് കലങ്ങി


സൂര്യനൊഴിഞ്ഞൊരു

 ചെങ്കൽ വാനം

പാതികൊഴിഞ്ഞൊരു

പൂവായ് മാറി


രാശിപ്പുരയിൽ 

 കവടികൾ നീങ്ങി

ഗോത്രപ്പുരയിൽ  

തീപ്പുക പാറി


കനൽ തിന്നിട്ടും 

 മതിയാകാതെ

ചുടലത്തെയ്യം  

കണ്ണുമിഴിച്ചു


പാലപ്പൂവിൻ 

 ഗന്ധവുമായി

പനകൾ തേടി 

യക്ഷികൾ നീങ്ങി


വെറ്റിലയാകെ

 മുറുക്കിത്തുപ്പിയ

മുത്തശ്ശിക്കഥ

കേട്ട് വിറച്ച്


കുട്ടിയുറങ്ങി  

 കുടത്തിന്നുള്ളിൽ

കുട്ടിച്ചാത്തൻ 

കാവലിരുന്നു.


സ്വപ്നത്തിൻ്റെ 

 നിലാപ്പൂവൊന്നിൽ

നക്ഷത്രങ്ങൾ

 വന്നേ പോയി


മുത്തശ്ശിക്കഥ

 മാഞ്ഞേ പോയി

പട്ടം പോലെ 

പറന്നു കുട്ടി


കുട്ടി ചിരിച്ചു

 ആമ്പൽപ്പൂവിൽ

മുത്തം വച്ചു. 

പാട്ടുകൾ പാടി 


വെൺമേഘത്തിൻ

 ചിറകിൽ നിന്ന് 

വെള്ളത്തൂവലടർ-

 ത്തിയെടുത്തു


കുട്ടി ചിരിച്ചത്

  കണ്ട് നിറഞ്ഞ്

പിച്ചിപ്പൂക്കൾ  

 മെല്ലെ വിടർന്നു


വാനത്തിൻ്റെ 

 മരക്കൊമ്പൊന്നിൽ

ഊഞ്ഞാൽ കെട്ടി 

 മാലാഖക്കൈ


താരാട്ടൊന്നൊരു 

 പുഴയോ പാടി

താളം കൊട്ടി

കാറ്റിൻ കൈകൾ..


കരിമഷിയാകെ

 യണിഞ്ഞൊരു രാവ് 

പിറകോട്ടല്പം 

മാറിയിരുന്നു


ഘടികാരത്തിൽ 

 കിളി ചുംബിച്ചു

ചുമരിൽ സൂര്യൻ

 വെട്ടം പൂശി


പുലരിത്തോപ്പിൽ  

 നിന്നൊരു സ്വപ്നം

ചിറകിൽ മിന്നി 

 ഭൂമി ചിരിച്ചു.


മലകൾ കേറി

 യിറങ്ങിയ സൂര്യൻ

തിരുമുറ്റത്ത് 

 വിളക്കും വച്ചു.


കിളികൾ ചിറകിൽ

 സ്വർണ്ണം തൂവി

പുതിയ വെളിച്ച-

പ്പാട്ടുകൾ പാടി..

                            രമാ പിഷാരടി

മാസ്റ്റേഴ്സ് ഇൻ സോഷ്യോളജി, പിജിഡിഎം ഇൻ എച്ച്ആർ ജേർണലിസം. ബാംഗ്ലൂരിൽ താമസം.

കവിതയിലാണ് തുടക്കം. സ്ക്കൂൾതലത്തിലെ ആദ്യ മൽസരത്തിൽത്തന്നെ ഒന്നാം സ്ഥാനം ലഭിച്ചു. പ്രവാസകാലത്ത്, അല്പം വൈകി കവിതയുടെ വിടാതെയുള്ള ഭ്രാന്തിൽ വീണ്ടുമെഴുതിത്തുടങ്ങി. ഓഎൻവി, സുഗതകുമാരിടീച്ചർ, മഹാകവി അക്കിത്തം എന്നിവരുടെ അനുഗ്രഹങ്ങളുടെ അവതാരിക കവിതയ്ക്ക് ലഭിച്ചിട്ടുണ്ട്.

നക്ഷത്രങ്ങളുടെ കവിത, അർദ്ധനാരീശ്വരം, സൂര്യകാന്തം, കുചേലഹൃദയം, കവിതയിൽ നിന്ന് കൈതൊട്ടെടുത്തിടാം എന്നിങ്ങനെ അഞ്ച് കവിതാ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാനത്തെ കവിതാപുസ്തകത്തിന് സച്ചിദാനന്ദൻ്റെ സന്ദേശം അനുഗ്രഹമായി. 

വെയിൽമഴക്കഥകൾ എന്നപേരിൽ, പുറം കേരള വനിതാ എഴുത്തുകാരുടെ ഒരു കഥ ആന്തോളജി എഡിറ്റ് ചെയ്ത് കെ പി സുധീരയുടെ ആമുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബിസികെയുടെ യുവകലാശ്രേഷ്ട പുരസ്ക്കാരം, കവി അയ്യപ്പൻ പുരസ്ക്കരം, എൻ ബി അബു മെമ്മോറിയൽ പ്രൈസ്, പ്രതിലിപി പോയട്രി പ്രൈസ്, ഫഗ്മ പോയട്രി പ്രൈസ്, കൈരളി കവിതാ പുരസ്ക്കാരം, സുവർണ്ണ കേരളസമാജം പോയട്രി പ്രൈസ്, കോൺഫെഡറേഷൻ ഓഫ് ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ പോയട്രി പ്രൈസ്, ശാസ്ത്രസാഹിത്യവേദിജൂബിലി കവിതാ പ്രൈസ്, വാഗ്ദേവത പൂനെ കവിതാ പുരസക്കാരം, 

സർഗ്ഗഭൂമി ബുക്ക്സ് പോയട്രി പ്രൈസ്, ചെന്നൈ കവിസംഗമം സ്പെഷ്യൽ ജൂറി പ്രൈസ്, പ്രൈം ഇന്ത്യ പോയട്രി പ്രൈസ്, ഹേവൻസ് പോയട്രി പ്രൈസ് തുടങ്ങി കവിതയിലും  കഥയിലും പ്രൈസ് കിട്ടിയിട്ടുണ്ട്.

🌻

Comments

Popular Posts