വായന | Book Review
നൂറ് പ്രബന്ധങ്ങള്‍ക്കും കഴിയാത്തത്
• ചെറായി രാംദാസ്
കേരളത്തിലെ പഴയകാല അടിമകളെക്കുറിച്ചും അടിമക്കച്ചവടത്തെക്കുറിച്ചും ഗവേഷകര്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളുടെ പ്രാധാന്യം എത്ര പറഞ്ഞാലും അധികമാകില്ല. നീണ്ട അലച്ചിലും അധ്വാനവും കൊണ്ടേ ഒരു പ്രബന്ധം പുറത്തുവരൂ. സത്യവും കേട്ടുകേള്‍വിയും തമ്മിലുള്ള വ്യത്യാസം വെളിവാകുന്നത് അവയിലൂടെയാണ്. പുതിയ പുതിയ സത്യങ്ങളും പുതിയ കാലം അറിയുന്നത് അങ്ങനെയാണ്. ആ കണ്ടെത്തലുകളാണ് ഇന്നത്തെ സമൂഹത്തില്‍ വലിയ ഇളക്കങ്ങളുണ്ടാക്കുന്നത്. എന്നാല്‍, ആയിനത്തിലുള്ള എത്രയെത്ര രചനകള്‍ക്കും ഉണ്ടാക്കാന്‍ കഴിയാത്ത സവിശേഷമായ ഒരു പ്രതികരണം വായനക്കാരില്‍ ഉണര്‍ത്താന്‍, സത്യത്തിന്‍റെ പിന്‍ബലമുള്ള ഒരു ചെറിയ കഥയ്‌ക്കു കഴിയും.
ആ വൈകാരിക ഇളക്കിമറിച്ചില്‍ പിന്നീടൊരിക്കലും അവരെ വിട്ടുപോകാനിടയില്ല. സിനിമ പോലെയുള്ള കാഴ്‌ചക്കലകള്‍ക്ക് ആ പ്രകമ്പനം പരകോടിയിലെത്തിക്കാന്‍ കഴിയും. ഈണവും താളവും ഇണങ്ങിയ പാട്ടും കവിതയും ചെറിയ തോതില്‍ നിറവേറ്റുന്നതും ഇതേ ധര്‍മമാണ്.
മുടക്കാരിന്പറഞ്ഞുവരുന്നത് മുടക്കാരിന്‍ എഴുതിയ 'പറച്ചിക്കല്ല്' എന്ന പുതിയ നോവലിനെക്കുറിച്ചാണ്. 'തീണ്ടാപ്പാട്' എന്ന ആദ്യ നോവല്‍ വഴി തന്നെ, ഇരുത്തം വന്ന കഥാകാരനായി വായനക്കാര്‍ അംഗീകരിച്ചയാളാണ് മുടക്കാരിൻ. നൂറില്‍ താഴെ പേജു മാത്രമുള്ള ഈ പുസ്‌തകം വായിച്ചുതീര്‍ന്നിട്ടും, മനസ്സിന് പരിസരബോധം വീണ്ടെടുക്കാനാവാത്ത നിലയിലായിരുന്നു ഞാന്‍. അടിമച്ചന്തകളിലെ കൂട്ടക്കരച്ചില്‍, ദീനക്കാഴ്‌ചകൾ, അടിയാള ജീവിതത്തിന്‍റെ അറുതിയില്ലാത്ത ദുരിതങ്ങള്‍, പീഡനത്തിന്‍റെ അസഹ്യതയില്‍ ചെറുത്തിനില്‍ക്കുന്ന നിരാലംബര്‍.. ഇവിടെയായിരുന്നു, ഈ കേരളത്തിലായിരുന്നു ഈ പോയ കാലം ആടിത്തിമിര്‍ത്തത് എന്ന്, ഒരു ചലന ചിത്രത്തിലെന്നോണം തീവ്രമായി അനുഭവിപ്പിക്കയാണ് 'പറച്ചിക്കല്ല്'. മലയാള സാഹിത്യം ധന്യമാകുകയാണ് .
Comments
Post a Comment