ഞായർ വായന | കവിത

ദീപാസോമൻ ദേവീകൃപ

വയലറ്റ്

നാം

വേനൽക്കാലത്തെ

വയലറ്റ് ലാവൻഡർ പാടങ്ങളിൽ,

മഞ്ഞലില്ലികൾ പൂത്ത

മഞ്ഞു പുതഞ്ഞ താഴ്​വരകളിൽ,

വെള്ളാരം കല്ലുകൾ മിന്നിത്തിളങ്ങുന്ന പുഴയോരങ്ങളിൽ,

മഞ്ഞയും ചുവപ്പും ഇലകൾ വിതാനിച്ച

മേപ്പിൾ മരച്ചോട്ടിൽ


പ്രണയത്തിന്റെ മന്നയും വീഞ്ഞുമായെങ്കിൽ


നീ

പതഞ്ഞ മുന്തിരിച്ചാറിൽ കുതിർന്ന

അപ്പത്തുണ്ടുകളെ നാവിൽ

അലിയിക്കുകയും

നീലിമയാർന്ന സമുദ്രത്തിലെ

നീർച്ചുഴികളിൽ മുങ്ങി നിവരുകയും

വിളഞ്ഞ ഗോതമ്പുപാടങ്ങളിൽ  വീണ

അസ്തമയച്ചോപ്പ് പകർന്നെടുക്കുകയും

സങ്കീർത്തനങ്ങളെ ഇമ്പമായ്

കാതിൽ പെയ്യിക്കുകയും 

ചെയ്യുമെങ്കിൽ


നമുക്കൊരേ ആകാശം


താരകസ്വരം!

ദീപാസോമൻ ദേവീകൃപ. 

കവി, ഗാനരചയിതാവ്, ചലച്ചിത്രഗാന രചയിതാവ്.
നിരവധി ഭക്തിഗാനങ്ങളും പ്രണയഗാനങ്ങളും. ജഹനാര ആദ്യ പുസ്തകം.

ഇടുക്കിയിലെ നെടുംകണ്ടം സ്വദേശി. പീരുമേട് സിപിഎം ഗവ. ഹൈസ്കൂൾ, തിരുവല്ല മർത്തോമ കോളേജ്. 
നെടുങ്കണ്ടം MG യൂണിവേഴ്സിറ്റി റീജനൽ സെന്ററിൽ നിന്നും B Ed. തിരുവനന്തപുരം 
എൽബിഎസ് ൽ നിന്ന് DCA.

8 വർഷത്തോളം അധ്യാപന രംഗത്തായിരുന്നു. 
2009 ൽ തിരുവനന്തപുരത്ത് ഗവ. സെക്രട്ടേറിയറ്റിൽ ജോലിയിൽ പ്രവേശിച്ചു . 
ഇപ്പോൾ ബഹു. കേരളാ ഗവർണ്ണറുടെ ഓഫീസിലെ സ്റ്റാഫാണ്. ഭർത്താവ് ഇ കെ സോമൻ TVM ത്ത് PSC ഓഫീസിൽ സെക്ഷൻ ഓഫീസറാണ്. 
മകൾ രേഷ്മ LLB വിദ്യാർത്ഥിനിയാണ്.
മകൻ 10 ൽ പഠിക്കുന്നു.

കേരള ഗവൺമെൻറ് പുറത്തിറക്കുന്ന പടവുകൾ, നവനീതം, പരസ്പരം, മൗലികം, കനവ് മുതലായ മാസികകളിലും, മംഗളം, കേരള ടൈംസ്, മൈ ഇംപ്രസ്സിയോ തുടങ്ങിയ ആനുകാലികങ്ങളിലും എഴുതുന്നു.

ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമായി സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സുരേന്ദ്രൻ സ്മാരക സാഹിത്യ പുരസ്കാരം കവിതാ വിഭാഗത്തിൽ 'ജഹനാര' നേടുകയുണ്ടായി. അതേ കൃതിക്ക്, 'ഫ്രെയിംസ് 24' ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ ശാന്താദേവി (സ്പെഷ്യൽ ജൂറി) പുരസ്കാരവും ലഭിച്ചു.

Comments

Popular Posts