കഥ

മഴ നിർത്താതെ പെയ്യുകയാണ്.

പി ഐ മിനി

ഈ രാത്രിയും നിർത്താതെ മഴ പെയ്യുകയാണ്. നന്ദിനി ജനൽപ്പാളിയുടെ കൊളുത്തെടുത്തു. മുഖമടച്ച് ചീറിപ്പാഞ്ഞ് അകത്തേക്ക് തണുത്ത കാറ്റ് ധൃതി വെച്ച് കടന്നു വന്നു. തോരാതെ മഴ പെയ്യുകയാണല്ലൊ.

ഇടയ്ക്കിടെ വീശുന്ന മിന്നലിന്റെ വെളിച്ചത്തിൽ അമ്പലമണി ആടുന്നത് കാണാം. ശക്തമായ കാറ്റ് വീശുന്നുണ്ട്. ഏതോ ഒരു പക്ഷി താഴേക്ക് വീണ്, നടന്നു മുന്നോട്ട് നീങ്ങുന്നു.

സീതയുടെ വീട്ടിൽ എല്ലാവരും ഉറങ്ങിക്കാണുമോ? ചിട്ടയോടെയും ഒതുക്കത്തോടെയും ജോലികൾ ഓരോന്നായി അവൾ വേഗത്തിൽ ചെയ്തു തീർക്കും. അതിനിടയിൽ വാതോരാതെയുള്ള വർത്തമാനവും. സംസാരം മുഴുവൻ വീടിനെക്കുറിച്ചും അവളുടെ കുട്ടികളെക്കുറിച്ചും കുട്ടികളുടെ അച്ഛനെക്കുറിച്ചുമായിരിക്കും.

അടുക്കളയെക്കുറിച്ച്, അതിനോട് ചേർന്നുള്ള രണ്ടു കൊച്ചുമുറികളെക്കുറിച്ച് കുളിമറിയില്ലാത്തതിനാൽ അവളും മോളും സന്ധൃകഴിഞ്ഞേ കുളിക്കാറുള്ളൂ. നല്ലയൊരു മഴ പെയ്താൽ പിന്നെ ഉറങ്ങാതെ നേരം വെളുപ്പിക്കുന്നത്. ചരുവങ്ങളും പാlതങ്ങളും പെറുക്കി ചോർന്നൊലിക്കുന്ന ഭാഗത്തെല്ലാം വെച്ച് മക്കളും അവളോടൊപ്പം കാവലിരിക്കുന്നത്. അങ്ങനെയങ്ങനെ ആസംസാരം നീണ്ടു നീണ്ടു പോകും.

മഴ, കൂടുകയാണ് ! അവളോടൊപ്പം കുട്ടികൾ മുഖത്തോട് മുഖം നോക്കി ഇപ്പോൾ തണുത്തു വിറച്ച് കുത്തിയിരിക്കുകയാവും. കമ്പുകൾ ഒടിയുന്ന ശബ്ദം. 

ഈശlരാ! നന്ദിനിക്ക്  നെഞ്ചിലൊരു കടച്ചിൽ.

സീതാ, ചോർന്നൊലിക്കുന്ന  കൂരയാണെങ്കിലും പണം ഒരുപാട് ഇല്ലെങ്കിലും തൂമ്പാ പിടിച്ചു തഴമ്പിച്ച ബലിഷ്ഠമായ രണ്ടു കൈകൾ കോട്ടപോലെ നിന്റെ കൂടെയുണ്ടല്ലൊ. അത് എത്ര വലുതാണ് കുട്ടീ? എന്തു ഭാഗ്യമാണത്.

ഇതാ ഞാനിവിടെ കോരിച്ചൊരിയുന്ന മഴയിലേക്ക് കണ്ണും നട്ട് കാത്തിരിക്കുകയാണ്. അയാൾ വരേണ്ട സമയമായിരിക്കുന്നു. മക്കളെ ഇന്ന് ഞാൻ നേരത്തെ ഉറങ്ങാൻ പറഞ്ഞു വിട്ടിരിക്കുകയാണ്. അയാൾ വന്നുകഴിഞ്ഞാൽ പിന്നെ അവർക്ക് ഉറങ്ങാൻ പറ്റില്ലല്ലോ. ഓൺലൈൻ ക്ളാസുകൾ കണ്ടും കേട്ടും കണ്ണും മനസ്സും മരവിച്ചു പോയ കുട്ടികൾ. അതിനിടയിലാണ് പാതിരാത്രിയാവുമ്പോഴുള്ള അയാളുടെ വരവ്. മക്കളെ വിളിച്ചെഴുനേൽപിച്ചുള്ള സ്നേഹപ്രകടനം. ആ കാഴ്ച കാണുമ്പോൾ തനിക്ക് ശർദ്ദിക്കണമെന്ന് തോന്നും.

ചോർന്നൊലിക്കുന്ന വീടായാലെന്താ സീതാ നീ എത്ര ഭാഗ്യവതി! 

മക്കളും അവരുടെ അച്ഛനും നിന്റെ ഉള്ളിലും നീ അവരുടെ ഉള്ളിലും എപ്പോഴും ഉണ്ടല്ലോ.

ഉറക്കം കൺപോളകളെ  തഴുകിയെത്തിയെങ്കിലും ഉള്ളിലെ വേവുകാരണം ഉറങ്ങാൻ കഴിഞ്ഞില്ല.

അയാളുടെ വരവും കാത്ത്  മഴയിറക്കത്തിലേക്ക് കണ്ണും നട്ട് ജനലഴികളിൽ പിടിച്ച് നന്ദിനി  പുറത്തെ ഇരുട്ടിലേക്ക് തുറിച്ചു നോക്കി നിന്നു.

പി. ഐ. മിനി

Comments

Popular Posts