കവിത

ആത്മഹത്യ ചെയ്തവന്റെ            മുറി

ആഷ്‌ന ഷാജു കുറുങ്ങാട്ടിൽ

ആത്മഹത്യ ചെയ്തവന്റെ

മുറിയിലേക്ക് കയറിയിട്ടുണ്ടോ? 

ഒരുതരം വീർപ്പുമുട്ടലിന്റെ

അലയടിയും ഔദാര്യത്തിന്റെ

അലർച്ചയും ചോദ്യങ്ങളുടെ

മുറുമുറിപ്പും ചേർന്ന വെറ്റില

മുറുക്കുകൾ ചവച്ചുതുപ്പിയ 

ചുവപ്പും കറുപ്പുമായൊരു കറക്കളം 


മരണത്തിന്റെ നിറമെന്ന് പറയാതെ 

നെടുവീർപ്പിട്ടപ്പോൾ 

അവനും വസന്തം കൊഴിച്ച

ആൺപൂവായി 


വിഭ്രാന്തിയുടെ തലയണയിൽ 

ഉറങ്ങിവിയർത്തപ്പോൾ 

കുടപ്പനില്ലാത്ത അരഞ്ഞാണംപോലെ 

എടുപ്പ് തകർന്നവനായി

 

ചോദ്യങ്ങളുടെമടുപ്പ്

കെട്ടുകൾ ഊരി ഒറ്റ കയറിൽതൂക്കിയിട്ടപ്പോൾ 

അസ്ഥിയുടെ ഒടിവ്പോലും

അവൻ മറന്നിരിക്കണം 


എഴുതിതീരാത്ത കവിതകളുടെ

ശീര്ഷകങ്ങൾ 

ഉരുക്കിവെച്ച 

പാത്രങ്ങൾ പോലെയായി  

പിന്നീട് അവന്റെ നോട്ടങ്ങൾ 


നടന്നുമടുത്ത് കയ്യിലെ തഴമ്പ് നോക്കിയപ്പോൾ 

താങ്ങാനാവാത്തതും 

കുടഞ്ഞെറിയാനാവാത്തതുമായ 

വിഴുപ്പുകൾ ഒരുപാട് ഉണ്ടായിരുന്നു 


ചീന്തിഎടുക്കാത്ത ഓർമ്മയുടെ പുറ്റുകളിൽ നിറഞ്ഞു നിന്ന പരിഹാസ്യതയുടെ  നിഗൂഢതകൾ   

വിഷം തീണ്ടിയ ആകാശം പോലെ 

നീലിച്ചിരിക്കുന്നു 


മഴയത്തു നനഞ്ഞു വരുന്ന ശൂന്യതയെ

മുടിയിൽ ചേർത്തു  വെക്കുകയും

വെയിലാറും മുമ്പ്അതൊക്കെയും 

കൊഴിച്ചുമിട്ടിരുന്ന കൂനകൾ  


അവന്റെ മുറി ഒരുതരo 

ആത്മികതയുടെ 

പുകവറ്റിയ 

ശവപറമ്പായി ഒടുവിൽ 


ചുംബിക്കുമ്പോൾ ചോരവറ്റിപോകുന്ന 

രോഗിയുടെ ആകുലതപോലെ 

വരൾച്ച വന്ന ചിന്തയുടെ ഇരുപത്തിയെട്ട്

കെട്ടിന് മാറ്റിവെച്ച കയറിൽ തൂങ്ങിയാടുമ്പോൾ 

ചുമരുകളും കലവറയായി മാറിയിരിക്കണം 


ഒരു കത്തും ബാക്കിയാക്കി 

കൃഷ്ണമണിയുടെ ദിശതെറ്റിച്ച മരണത്തിന് മനുഷ്യർ വിളിച്ച 

വിളിപ്പേരാണ് ആത്മഹത്യ

എങ്കിൽ 

അവന്, 

അത്‌ സ്വയം രക്ഷയുടെ 

ശസ്ത്രക്രിയ ആയിരുന്നു..

ആഷ്‌ന ഷാജു കുറുങ്ങാട്ടിൽ

എറണാകുളത്ത് എഴക്കരനാട് കരയിൽ താമസം. അനസ്തേഷ്യയിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി. റേഡിയോ ജോക്കി.  'കഥവീട്' എന്ന കഥസമാഹാരത്തിൽ 5 കഥകൾ  എഴുതിയിട്ടുണ്ട്. മറ്റു കവിതസമാഹാരത്തിലും ഭാഗമായിട്ടുണ്ട്. ആനുകാലികങ്ങളിലും കഥകൾ കവിതകളും ലേഖനങ്ങളും എഴുതി വരുന്നു.

Comments

  1. ഞാൻ നേരത്തെ വായിച്ചത് ആയിരുന്നു വേറിട്ട ഒരു രചന നന്നായിട്ടുണ്ട്

    ReplyDelete
  2. നല്ല രചനാ ശൈലി. ഇതുപോലെ ഒരുപാട് നല്ല കവിതകൾ എഴുതാൻ പറ്റട്ടെയെന്ന് ആശംസിക്കുന്നു.

    ReplyDelete

Post a Comment

Popular Posts