കഥ | Story

മഴ, യക്ഷി, കൃഷ്ണൻ  

മുക്ത വാര്യർ


മഴയെന്നാൽ മിക്കവർക്കും പ്രണയമാണ്..

പപ്പേട്ടന്റെ സിനിമകളിലൂടെ പകർന്നു കിട്ടിയ സുഖകരമായ ഒരനുഭൂതി.

എനിക്ക് മഴയെന്നാൽ ഒരു നിർവൃതിയാണ്.. ആത്മനിർവൃതി..

അവാച്യമായ സന്തോഷം വരുമ്പോൾ, സങ്കടം വരുമ്പോൾ 

സന്തോഷത്തിൽ കൂടെ നൃത്തം വയ്ക്കാൻ...

സങ്കടത്തിൽ മിഴിനീരൊപ്പാൻ..

കൂട്ടിന് എത്തുന്ന ആത്മമിത്രം പോലെ..

തിമർത്തു പെയ്യുന്ന മഴയിൽ ഞാനെൻ്റെ ഹൃദയം ചേർത്ത് നിൽക്കും..

പെയ്തൊഴിയുന്ന മഴയിൽ എൻ്റെ മനസ്സും തെളിയും..

പാലക്കൊമ്പിൽ ഇരുന്ന് അവളെന്നെ നോക്കി ചിരിച്ചു.

ഭംഗിയുള്ള ദംഷ്ട്ര.

എനിക്ക് അവളോട്‌ അസൂയ തോന്നി.

അവൾക്കു എവിടെ വേണമെങ്കിലും പോകാം.. എപ്പോൾ വേണമെങ്കിലും പോകാം..

മഴയത്ത് നനയാം.. നൃത്തം വയ്ക്കാം..

മാനത്ത് പറന്നു നടക്കാം..

മീനിനെ പോലെ പുഴയിൽ, സമുദ്രത്തിൽ നീന്തി നടക്കാം..

ആരും കാണില്ല.. ആരും തടയില്ല..

എനിക്ക് അവളെപ്പോലെ പറന്നു നടക്കുവാനാവില്ല.. 

മഴ പോലെ അവളും എൻ്റെ പ്രിയ സഖി.

സന്ധ്യയ്ക്ക് പാലമരത്തിൽ നിന്നും അവൾ താഴെ ഇറങ്ങി വരും.. എനിക്ക് വേണ്ടി.

എനിക്ക് മനസ്സിലാകാതെ പോകുന്ന മനസ്സുകളുടെ ആഴങ്ങളിൽ മുങ്ങി തപ്പി അന്തസത്ത കാട്ടിത്തരും...അതീന്ദ്രിയ ജ്ഞാനം... 

ആശയക്കുഴപ്പങ്ങൾ ദൂരികരിച്ചു തരും..

പലരും അത്ഭുതപ്പെട്ടിട്ടുണ്ട് ഞാൻ എങ്ങിനെ ഇത്ര കൃത്യമായി അവരുടെ മനസ്സ് വായിച്ചെടുത്തൂന്ന്.

എനിക്കപ്പോൾ ചിരി വരും.. 

അവളുടെ ഒപ്പം നടന്ന് എനിക്കും പാലപ്പൂക്കളുടെ മണമായി.

സമുദ്രത്തിന്റെ അടിത്തട്ടിൽ ചിപ്പിക്കുള്ളിൽ മയങ്ങുന്ന മുത്തിനെ അവളെനിക്കു കാട്ടി തന്നിട്ടുണ്ട്..

യക്ഷിയെന്നാൽ ചോര ഊറ്റിക്കുടിച്ചു വലിച്ചെറിയുന്ന ഭീകര സത്വമാണ് എല്ലാവർക്കും...

എനിക്ക് യക്ഷിയെന്നാൽ എൻ്റെ അദൃശ്യ പ്രതിബിംബമാണ്..

എനിക്ക് കഴിയാതെ പോയ കാര്യങ്ങൾ ചെയ്യുന്ന എൻ്റെ പ്രതിബിംബം...

ഭാവന എന്നു വേണമെങ്കിൽ പേരിട്ടു വിളിക്കാം..

കൃഷ്ണൻ എന്നാൽ എല്ലാവർക്കും ഭഗവാനാണ്..

ദൈവീകമായ പ്രണയത്തിന്റെ പ്രതീകം..

എനിക്ക് കണ്ണൻ ചിലപ്പോൾ മുരളീനാദമാണ്...

മയിൽപ്പീലിയാണ്.. 

കള്ളനോട്ടമാണ്..

എനിക്ക് അവിടുന്ന് ആരാണ്..

ചപലമായ പ്രണയമില്ല.. മറ്റുള്ളവരെ കാട്ടിക്കൂട്ടാനായി ഭക്തിയുമില്ല..

ജീവിതത്തേര് തെളിക്കുന്ന സാരഥി.

പരീക്ഷണങ്ങളിൽ കാത്തു രക്ഷിക്കുന്ന സംരക്ഷകൻ..

മനസ്സാക്ഷി സൂക്ഷിപ്പുകാരൻ..

എനിക്ക് പോലും കാണാൻ കഴിയാതെ പോയ എന്നെ കാട്ടി തരുന്ന കള്ളക്കണ്ണൻ..

കാർമേഘങ്ങളും കരിമ്പനകളും നിഴലുവിരിച്ച വഴിയിൽ ഓർമ്മകൾ ചിക്കിച്ചികഞ്ഞു നടക്കുമ്പോൾ മനസ്സിലേക്ക് കടന്നു വന്ന പൊട്ടത്തരങ്ങൾ..

സന്ധ്യയ്ക്ക് പെയ്ത മഴ അപ്പോഴും ഇലപ്പടർപ്പുകളിൽ പൊടിഞ്ഞിരുന്നു.

മധുമാലതിപ്പൂക്കളും തളിരിലകളും നിറഞ്ഞ ആ നികുഞ്ജത്തിലെ മഴയുടെ കുളിരുറഞ്ഞ ഇരുമ്പ് ബെഞ്ചിൽ ഒരു പകലിന്റെ വിടവാങ്ങലിൽ ഞാൻ മൂക സാക്ഷിയായി ഇരുന്നു.

ഗൃഹസ്ഥരും, കമിതാക്കളും, കുട്ടികളും, ഓഫീസ് വിട്ടു ശുദ്ധവായു ശ്വസിക്കാനെത്തിയ ഗുമസ്തരും നിറഞ്ഞ പൂന്തോട്ടം.

നിലക്കടല കൊറിച്ചും, പന്ത് കളിച്ചും, സൊറ പറഞ്ഞും, പ്രണയ കടാക്ഷങ്ങൾ കൈമാറിയും സുന്ദരമായ ആ വാരാന്ത്യ സായാഹ്നം അവർ ആസ്വദിക്കുമ്പോൾ ആ ലതാഗൃഹത്തിൽ ഞാൻ ഒറ്റയ്ക്കായിരുന്നു.

ആൾക്കൂട്ടത്തിൽ തനിയെ...

ആ ഏകാന്തത എന്നെ മത്തു പിടിപ്പിച്ചു.

മധുമാലതിപ്പൂക്കളെയും ഇലകളെയും പോലെ ഞാനും ഏകാന്തതയെ പ്രണയിച്ചു.

മഴമുത്തുകളണിഞ്ഞു അവരെല്ലാം അതീവ മനോഹരികളായിരുന്നു.

അരിച്ചെത്തിയ സിന്ദൂര സൂര്യന്റെ ചെങ്കിരണങ്ങൾ പടിക്കെട്ടിൽ വീണ പൂവിൽ കൂടുതൽ ശോണിമ പകർന്നു.

പൂവിന്നിതളുകൾ കാർന്നു തിന്ന ഉറുമ്പുകളും രക്തവർണ്ണമായി.

നൃത്തം ചെയ്തു തളർന്ന യക്ഷി ഊരിയെറിഞ്ഞ ചിലങ്കയിലെ മണികൾ നിലത്ത് ഉരുണ്ടു കിലുങ്ങി.

രാത്രിയിലെ യുഗ്മ നൃത്തത്തിന് പരിശീലനം നേടുകയായിരുന്നു അവർ.

മിഴികൾ ഒരിടത്ത് കൊളുത്തിയിട്ടു മനസ്സ് ഭാവനയുടെ പർവ്വതാരോഹണം തുടങ്ങി.

മരുത്വാ മലയിൽ മനസ്സിന്റെ ജീവൻ തേടുകയായിരുന്നു ഞാൻ..

നീലക്കുറിഞ്ഞി പൂക്കളുടെ.. വരയാടുകളുടെ താഴ്‌വാരത്തിലൂടെ.. കോടമഞ്ഞിൽ ഞാൻ ഒഴുകി..

എനിക്ക് സ്നേഹം തോന്നിയതിനെയെല്ലാം പ്രാപിച്ചു....മെഴുകുതിരിപോലെ ഞാൻ ഉരുകിയൊഴുകി..

അതിൽ പൂക്കളും.. കാറ്റും.. ശലഭങ്ങളും.. നക്ഷത്രങ്ങളുമുണ്ടായിരുന്നു.

എൻ്റെ മനസ്സ് പ്രസവിച്ച കുഞ്ഞിന് ഞാനൊരു പേരിട്ടു... "മാനസി".

അവൾക്കു ഞാൻ എൻ്റെ ചിറകുകൾ സമ്മാനിച്ചു.

കുരുന്നു ചിറകുകൾ വിരിച്ചു അവൾ പറന്നു പോയപ്പോൾ ഏകാന്തതയുടെ ഇരുണ്ട തുരുത്തിൽ ഞാൻ വീണ്ടും ഒറ്റയ്ക്കായി.

സന്ധ്യ രാവിനെ നിലാത്തിരി കൊളുത്തി സ്വീകരിച്ചു.

പടവുകളിറങ്ങി നിലാവിലേക്ക് ഞാനിറങ്ങുമ്പോൾ പുറകിൽ ചിലങ്ക കിലുങ്ങി.

ഗന്ധർവനും യക്ഷിയും യുഗ്മ നൃത്തം തുടങ്ങി....

അത്താഴപുജയ്ക്കു ശേഷം നടയടച്ചപ്പോൾ കൃഷ്ണൻ ശ്രീകോവിലിനുള്ളിൽ മറഞ്ഞു.


ആലപ്പുഴയിലെ ഹരിപ്പാട് സ്വദേശി. ഡോ. കെ. ബാലകൃഷ്ണ വാര്യരുടെയും ശ്രീമതി മായാദേവിയുടെയും മൂത്ത മകൾ. ഒരു സഹോദരി, മഞ്ജു.

ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ ഡിപ്ലോമയും നേടി Software Developing, Copy Editing എന്നീ മേഖലകളിൽ ജോലി ചെയ്തു. ഇപ്പോൾ ഡൽഹി വാര്യർ സമാജത്തിന്റെ ഇ-quaterly മയിൽപ്പീലിയുടെ ചീഫ് എഡിറ്റർ.

ആനുകാലികങ്ങളിൽ കവിതകളും, ചെറുകഥകളും, ലേഖനങ്ങളും, യാത്രാവിവരണങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. യാത്രകളിലും, സാഹിത്യത്തിലും സംഗീതത്തിലും അഭിരുചി.

ഭർത്താവ് രാധാകൃഷ്ണൻ, മകൾ അനഘ.

Comments

Popular Posts