കവിത | Sunday Special
ഡോ. അമൃത
ശ്യാമം
ശ്യാമകൃഷ്ണാ! നീ എനിക്ക് കനിവോടെ തന്നത് നിന്റെ ശ്യാമവർണ്ണം.
ഭക്തിയോടെ നിന്നെ ഭജിച്ചതിന്. എന്റെ സ്വപ്നങ്ങളത്രയും നീ ശ്യാമമാക്കി. നിന്നെക്കുറിച്ചെഴുതിയ കവിതകൾ മാലയായി നിന്നെ ചാർത്തിയപ്പോൾ നീ എന്നെ വിധവയാക്കി.
എന്റെ പൗർണ്ണമികൾ കുടിച്ചു വറ്റിച്ച്. അമാവാസി യുടെ ഫണങ്ങളിൽ നീ നൃത്തമാടി. ഇരുളിന്റെ കാണാക്കയങ്ങളിൽ. മുത്തു വാരാൻ ഒറ്റയ്ക്ക് നീയെന്നെ ഇറക്കിവിട്ടു.
ദിശാസൂചികളില്ലാത്ത നാൽക്കവലയിൽ പകച്ചു നിന്നപ്പോൾ. രാക്കുളിരിൽ അലിയുന്ന വേണുനാദമായി. എന്നെ നീ പരിഹസിച്ചു. തിരയെടുത്തു പോകുന്ന വിജന ദ്വീപിൽ നീയെന്നെ തനിച്ചാക്കി.
ഇനിയും കറുത്ത ഭീതിയുടെ താഴ് വരകളിൽ താരകങ്ങൾ തെളിയാത്ത ശ്യാമ വാനത്തിൻ താഴെ കടൽവർണ്ണാ! പുനർജനിയുടെ മന്ത്രം തിരഞ്ഞു മുരടിച്ച കടമ്പായി ഇവളുടെ ജന്മം.
| ഡോ. അമൃത
Comments
Post a Comment