കവിത

തിരസ്കാരം

എം രാധാകൃഷ്ണൻ 

നീളും പെരുവഴിതന്നിൽ ഒരു പട്ടു -

തൂവാല ആരോ ചുരുട്ടിയെറിഞ്ഞതാ,

പാതയോരത്തു തഴച്ചെഴും മുൾച്ചെടി-

ക്കാടിൻ്റെ കൈയിൽ പതിച്ചു കേഴുന്നവൾ.

കണ്ണീരുറവ വരണ്ട മിഴികളിൽ

വിങ്ങിപ്പുകയുന്നടങ്ങാത്ത വേദന.

ആരേ കനിഞ്ഞീവിപത്തിലൊരാശ്രയ-

മേകും തനിക്കെന്നഴലുമീ വേളയിൽ 

കാമസഞ്ചാരിയാം കാറ്റാവഴി വന്നു

കോരിയെടുത്തകലേയ്ക്കു നീങ്ങീടവേ

പാതയോരത്തെ മരച്ചില്ലകൾ ചേർന്നു

രോധിച്ചമാത്ര പൊരുതാനൊരുമ്പെട്ടു

ഭൂരി കോപാന്ധനായ് ചില്ലകളെപ്പിടി-

ച്ചാരവത്തോടെ കുലുക്കി മഥിച്ചവൻ.

ക്രുദ്ധനായ് പോരിൽ മുഴുകുമവൻപിടി-

വിട്ടുതൂവാല കുതറിത്തെറിക്കവേ

പച്ചിലച്ചാർത്തിന്നിടയിൽ മറഞ്ഞവൾ

രക്ഷപ്പെടുന്നു, വളർന്നെഴുമാധിയിൽ.

ചില്ലകൾ നീട്ടിയ കൈകൾ പിടിക്കാതെ

മെല്ലെ വഴുതിയിറങ്ങിയമാത്രയിൽ

വല്ലായ്മതോന്നി അബോധയായ് താഴത്തു

പുല്ലിൽ പതിച്ചു, നിമിഷങ്ങൾ പോകവേ

ബോധം തെളിഞ്ഞുണർന്നാകിലും വിഭ്രമം

ബാധിച്ചു ചൂഴം മിഴികളുഴിഞ്ഞവൾ.

എന്തേ തനിക്കു ഭവിച്ചെന്ന വിഹ്വല- 

ചിന്തയിൽ പാടേ പരതിത്തിരഞ്ഞവൾ.

തന്നിലെ ചെമ്പനീർപ്പൂവിതൾ വാടിയോ

അന്തിച്ചുകപ്പു കവിളിൽ വിളറിയോ.

തന്നെ വിഴുപ്പുകൾക്കൊപ്പം കനിവറ്റു

നിന്ദിച്ചകറ്റിയവഗണിച്ചെന്തിനോ.

എന്തിനിന്നേവം പെരുവഴിയോരത്തു

പൊന്തയിൽ തന്നെ വെടിഞ്ഞുകടന്നവൻ.

നെഞ്ചിലുറന്നു മിഴിതുളമ്പും അശ്രു-

ബിന്ദുക്കളിൽ തെളിയുന്നു തൻ ജീവിതം.

വെൺപട്ടുകുഞ്ഞിക്കുരുന്നായ് കഴിഞ്ഞ തൻ

സുന്ദര കൗമാരമോർത്തു വീർപ്പിട്ടവൾ.

വാസന്ത പൗർണ്ണമിച്ചന്ദ്രികയിൽ കുളിർ

വാസനപ്പൂപോൽ വിലാസവതിയൊരാൾ

ഏറെ മൃദുലമാം കൈകളിലേന്തിയും

മാറിൽ തുടുത്ത പനീർപ്പൂവു തുന്നിയും

മോടിപിടിപ്പിച്ചൊരുക്കി തന്നിൽ പട്ടു-

തൂവാലയായി യുവത്വം വിടർന്നതും,

പിന്നൊരു നാളിൽ സുഗന്ധങ്ങൾ പൂശിയും

സുന്ദരരാഗമധുമൊഴി തൂവിയും

തന്നെയവനു സമ്മാനമായ് നല്കിയ-

തിന്നും പുളകം പകരും സമരണകൾ.

ഓമനിച്ചന്നവൻ തന്നെ മാറത്തൊരു

വാർമണിമുത്തായണിഞ്ഞു നടന്നതും

മഞ്ഞിൻ തണുപ്പിൽ ഒരുമിച്ചിരിക്കവേ

തന്നിളംചൂടിനായ് മാറോടു ചേർത്തതും

വേനലിൽ വേർത്തു തളർന്നിരിക്കുമ്പൊഴാ

മേനി താൻ സ്വേദം തുടച്ചു വീശുന്നതും

എന്നുമാനന്ദം അവൻ്റെ മനസ്സിലും

കണ്ണിലും കണ്ടു താൻ നിർവൃതികൊണ്ടതും

ജീവിതമെത്ര സഫലമെന്നോർത്തു താൻ

വാനോളമുള്ളിൽ പുകഴ്ന്നുമദിച്ചതും

എല്ലാം മനസ്സിൻ തിരുനടയിൽ വീണ

ചില്ലായുടഞ്ഞു ചിതറിക്കഴിഞ്ഞുവോ!

പ്രൊഫ. എം രാധാകൃഷ്ണൻ  | മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശി. റിട്ട. ഇംഗ്ലിഷ് അദ്ധ്യാപകൻ. പ്രിൻസിപ്പൽ. ഗ്രന്ഥകാരൻ, കവി.

Comments

Popular Posts