പുസ്തകം | വായന

ജീവിതത്തിലേക്ക് എത്തിനോക്കാൻ പ്രേരണനൽകുന്ന കാലത്തിൻ്റെ കവിത 

ചവിട്ടിയരച്ചാലും അവ ഹൃദയത്തിൽ തന്നെ മുളച്ചു പൊന്തും. നമ്മളെ ആകാശത്തിലെ നക്ഷത്രങ്ങളിലേക്ക് കൂട്ടുകൊണ്ടുപോകും

എറണാകുളത്ത് എഴക്കരനാട് കരയിൽ താമസം. അനസ്തേഷ്യയിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി. റേഡിയോ ജോക്കി.  'കഥവീട്' എന്ന കഥസമാഹാരത്തിൽ 5 കഥകൾ  എഴുതിയിട്ടുണ്ട്. മറ്റു കവിതസമാഹാരത്തിലും ഭാഗമായിട്ടുണ്ട്. ആനുകാലികങ്ങളിലും കഥകൾ കവിതകളും ലേഖനങ്ങളും എഴുതി വരുന്നു.

| ആഷ്ന ഷാജു കുറുങ്ങാട്ടിൽ  

ഏറെ കാലത്തിനു ശേഷം ചിന്തകളുടെ നിറവയറിൽ എന്നെ ഊളിയിടാൻ പ്രേരിപ്പിച്ച വിപിനോട് ഒരുപാട് സ്നേഹം. 

എല്ലാ പ്രണയങ്ങളും ഒരു പോക്കുവരവാണ്. ഒരാത്മാവിൽ നിന്ന് മറ്റൊരു ആത്മാവിലേക്കുള്ള തിരയുടെ പോക്കുവരവ്. ചൂരണ്ടികളഞ്ഞാലും വീണ്ടും മുളച്ചുപൊന്തുന്ന പൂപ്പലുപോലെ.. അത്രയും നനവാർന്ന സ്നേഹബന്ധങ്ങളെപോലെ അവയുടെ ഓർമ്മ വറ്റാത്ത ചില നിമിഷങ്ങളിൽ നമ്മൾ നമ്മളായി മാറാറില്ലെ? അവിടെ പ്രണയവും പരിഭവവും കാത്തിരിപ്പും വിരഹവും കലഹവും നിഴലും വെളിച്ചവുമൊക്കെ കാവൽക്കാരാണ്.

'പ്രിയപെട്ടവർ ആരുമില്ലെങ്കിലും തീവണ്ടി പോവുമ്പോ വെറുതെയൊന്ന് കൈവീശിക്കാണിച്ചേക്കണം തിരിച്ച് കൈവീശാൻ ഒരാളെങ്കിലും കാണാതിരിക്കില്ല. നമ്മളെപ്പോലെ യാത്ര പറയാൻ ആരോരുമില്ലാത്ത ഒരാളെങ്കിലും  കാണും'. അതെ, ജീവിതം മുഴുവൻ ഒരു കാത്തിരിപ്പാണ്  മുലപ്പാലിനുവേണ്ടി കരയുന്ന കുഞ്ഞിനെപ്പോലെ സൂര്യനെ കാത്തിരിക്കുന്ന കടലിനെപോലെ നമ്മൾ കാത്തിരിക്കുകയാണ്. ചിലവയുണ്ട് ഭൂമിയിൽ അത്രതന്നെ പ്രകൃതിയെ സുന്ദരമാക്കുന്നവർ. വരാന്തകളിലും മതിലുകളിലും സ്ഥാനം പിടിച്ച് ആർക്കൊക്കെയോ സ്നേഹത്തിന്റെ കരുതലിന്റെ സുരക്ഷിതവലയം തീർക്കുന്നവർ. ചെറിയ പ്രാണികൾ വണ്ടുകൾ ഉറുമ്പുകൾ ഒക്കെ അവിടെ സ്വപനം നെയ്യും. എത്ര മനോഹരമാണല്ലേ ഈ ഭൂമി?  കുറുക്കിയെടുത്ത മനോഹാരിത കണ്ടിട്ടുണ്ടോ? അതാണ് വിപിന്റെ 'പൂപ്പൽ'.

ചവിട്ടിയരച്ചാലും അവ ഹൃദയത്തിൽ തന്നെ മുളച്ചു പൊന്തും. നമ്മളെ ആകാശത്തിലെ നക്ഷത്രങ്ങളിലേക്ക് കൂട്ടുകൊണ്ടുപോകും ഓടുന്ന തീവണ്ടിയുടെ കൈകളെ കാണിച്ചുതരും പറയാതെ വന്ന മഴയുടെ ഇടിപ്പും ജീവിതത്തിന്റെ വെളിച്ചവും യൗവനത്തിന്റെ തീക്ഷണതയുമൊക്കെ കാണിച്ചുതരുന്ന ഒരു കുഞ്ഞു 'പൂപ്പൽ'.

വഴിയരികിൽ കൊഴിഞ്ഞു വീണ ഇലകളെപോലെ പൂക്കളെപോലെ അവ വീണ്ടും അലിഞ്ഞ് വേരുകളിലേക്ക് ചേരുകയും പുനർജനിക്കുകയും ചെയ്യുമെന്ന് വായനക്കാരെ ഓർമ്മിപ്പിക്കുമ്പോൾ  നമ്മൾ ജീവിതത്തിലേക്ക് എത്തിനോക്കും. 

ആശംസകൾ, കവീ.. ഇനിയും എഴുത്തിന്റെ ലോകത്ത് വിസ്മയo തീർക്കാൻ കഴിയട്ടെ..

'ആൾക്കൂട്ടങ്ങളിലെ രണ്ടറ്റങ്ങളിലെങ്കിലും കണ്ണുകൾകൊണ്ട്' നമ്മൾ കൂട്ടിയിടിക്കട്ടെ. 

സ്നേഹം.

__________________________________

പുസ്തകം 

പൂപ്പൽ                                                            വിപിൻ ചാലിയപ്പുറം      

 വില: ₹ 80                                         പ്രസാധകർ: പെൻഡുലം ബുക്സ്               ഫോൺ: 974 695 7787                                

___________________________________


Comments

Popular Posts