നിരീക്ഷണം

അത്തിമരത്തിലെ കുരങ്ങച്ചനും                  സൈബർ യുഗത്തിലെ മനുഷ്യനും

സതീശൻ ബി

പതിവ് പത്രവായനക്കിടയിലാണ് ആറു വയസുള്ള പെൺകുട്ടിയെ ആന്തരികാവയങ്ങൾ നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയതായ വാർത്ത കണ്ണിലുടക്കിയത്. ദീപാവലിയ്ക്ക് പടക്കം വാങ്ങാനായി കടയിലേക്കുപോയ കൊച്ചുകുട്ടി. വന്യമൃഗങ്ങളാകുമെന്ന ധാരണയിൽ ആവാർത്ത അവസാനിച്ചു. പിറ്റേന്നു ആ വാർത്തയുടെ വിദശമായ കണ്ടെത്തലിൽ, ആഭിചാര കർമ്മത്തിനു വേണ്ടിയാണത്രെ ആ കുരുന്നിനെ കൊന്നതെന്നു മനസ്സിലാക്കാൻ സാധിച്ചു. കുട്ടികളില്ലാത്ത തങ്ങൾക്കു കൂട്ടികളുണ്ടാകുവാൻ വേണ്ടി മറ്റൊരച്ഛനും അമ്മയും ഓമനിച്ചു വളർത്തിയ കുഞ്ഞിന്റെ ശ്വാസകോശം പറിച്ചു കൊണ്ടുപോയെന്ന് . ഭീകരമായ വാർത്ത ! സൈബർ യുഗത്തിലെത്തിയിട്ടും അന്ധവിശ്വാസങ്ങൾ നശിക്കാത്ത ഇന്ത്യ! അന്ധവിശ്വാസത്തിന്റെ പേരിൽ ഇന്ത്യയുടെ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ആവശ്യപ്പെട്ടപ്പോൾ മൗണ്ട് ബാറ്റൺ പ്രഭു പറഞ്ഞതായി കേട്ടിട്ടുണ്ട്, 'യുഗങ്ങൾ കഴിഞ്ഞാലും ഇന്ത്യക്കാരന്റെ അന്ധവിശ്വാസങ്ങൾ അവസാനിക്കില്ലെ'ന്ന്!- എന്ത് ഉൾക്കാഴ്ചയുള്ള വീക്ഷണം.

പണ്ട് പ്രൈമറി ക്ലാസിൽ ഒരു കഥ പഠിച്ചിട്ടുണ്ട്. പുഴക്കരയിലെ അത്തിമരത്തിൽ താമസിക്കുന്ന ഒരു കുരങ്ങനും പുഴയ്ക്കക്കരെ തുരുത്തിൽ താമസിക്കുന്ന മുതലച്ചാരുടേയും സ്നേഹത്തിന്റെ കഥ. അത്തിമരച്ചുവട്ടിലെത്തുന്ന കുരങ്ങച്ചന് അത്തിപ്പഴം അടർത്തിക്കൊടുക്കുന്നു. കുരങ്ങച്ചൻ അതു കഴിച്ചിട്ട് ബാക്കി തന്റെ ഭാര്യയ്ക്കും കൊണ്ടുപോയി കൊടുക്കും. അത്തിപ്പഴത്തിന്റെ രുചിയിൽ മുതലയുടെ ഭാര്യയുടെ മനസ്സിൽ സ്ഥിരമായി അത്തിപ്പഴം തിന്നുന്ന കുരങ്ങന്റെ ഹൃദയം ഭക്ഷിക്കാൻ അഭിലാഷം തോന്നി. കുരങ്ങന്റെ ഹൃദയത്തിന് അത്തിപ്പഴത്തിന്റെ രുചിയായിരിക്കുമെന്ന് അവൾ തന്റെ ഭർത്താവിനെ അറിയിക്കുന്നു. എങ്ങനെയെങ്കിലും കുരങ്ങനെ തങ്ങളുടെ വീട്ടിലെത്തിച്ച് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. അതിൻ പ്രകാരം കുരങ്ങനെ വീട്ടിലേക്ക് ക്ഷണിക്കുകയും വഴി മദ്ധ്യേ തന്റെ സ്നേഹിതനായ കുരങ്ങിനോട് ഭാര്യയുടെ ആവശ്യം പറയുകയും ചെയ്തു. പ്രാണഭയത്താൽ പരവശനായ കുരങ്ങൻ തന്റെ ഹൃദയം അത്തിമരത്തിൽ സൂക്ഷിച്ചിരിക്കുകയാണെന്നും തന്നെ മരത്തിനടുത്ത് എത്തിച്ചാൽ അത്തിമരത്തിൽ കയറി ഹൃദയം എടുത്തു തിരികെ മടങ്ങാമെന്നും പറഞ്ഞു. മണ്ടനായ മുതലച്ചൻ കുരങ്ങനെ അത്തിമരച്ചുവട്ടിലെത്തിച്ചതും ഒറ്റച്ചാട്ടത്തിന് മരത്തിൽ കയറി രക്ഷപെടുന്നതുമായ കഥ. 

ഈ കഥ ഇവിടെ പറഞ്ഞത് അത്യാധുനിക സൈബർ യുഗത്തിൽ വിരാജിക്കുന്ന മനുഷ്യന് തന്റെ പൂർവ്വികനെന്നു പറയുന്ന കുരങ്ങിന്റെ പോലും വിവേചന ബുദ്ധി അന്ധവിശ്വാസത്താൽ നഷ്ടമാകുന്നല്ലോ എന്ന ദു:ഖത്താലാണ്.

ഈ സാഹചര്യത്തിൽ വോൾട്ടയറുടെ രണ്ട് വരികൾ ഓർത്തു പോകുന്നു: 

വിഡ്ഢിത്തങ്ങൾ വിശ്വസിക്കുന്നയാൾ           എന്തതിക്രമവും ചെയ്യും"

                              സതീശൻ ബി


Comments

Popular Posts