ചെട്ടികുളങ്ങര ഊട്ടുപുര
ചരിത്രമായിത്തീർന്ന ഊട്ടുപുര
നൂറ്റാണ്ടു പിന്നിട്ട ഊട്ടുപുര പൊളിച്ചുനീക്കി
ഏതു ക്ഷേത്രങ്ങൾക്കു പിന്നിലും ഒരു ചരിത്രമുണ്ട്. ചരിത്രത്തിൻ്റെ ഏതെങ്കിലും ദശയിൽ അധികരത്തിൻ്റെയോ ധനശേഷിയുടെയോ പിൻബലത്തിൽ ഏതെങ്കിലും വിഭാഗത്തിൽപ്പെട്ടവർ അതിൻ്റെ നിയന്താക്കളോ നടത്തിപ്പുകാരോ വാഹകരോ ആയാലും പുരാവൃത്തരൂപത്തിൽ ചരിത്രത്തിൻ്റെ ശകലങ്ങൾ ചിലതെല്ലാം അതോടൊപ്പം മുദ്രപ്പെട്ടുകിടക്കും. വിശേഷാവസരങ്ങളിൽ വട്ടിയുംകുട്ടയും നൽകാനുള്ള അവകാശമായോ നിലംതൊടാതെ കൊയ്തെടുത്ത നെന്മണികൾ ക്ഷേത്രത്തിൻ്റെ മകുടത്തിൽ സമർപ്പിച്ചവരായോ ഭഗവാൻ്റെ കണ്ണുദോഷം പാടിത്തോറ്റിയകറ്റുന്നവരായോ ചില സമുദായങ്ങൾ ക്ഷേത്ര പുരാവൃത്തങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഇത്തരം പശ്ചാത്തലത്തിലാണ്. ചെട്ടികുളങ്ങര ക്ഷേത്രത്തോടുചേർന്നു വടക്കേ വശത്തായി നിലകൊണ്ടിരുന്ന ഊട്ടുപുരയും ഇത്തരം ഒരു ചരിത്ര സാക്ഷ്യമായിരുന്നു.
തിരുവിതാംകൂറിൽ ഊട്ടുപുര സമ്പ്രദായം ഏർപ്പെടുത്തിയത് മാർത്താണ്ഡവർമ്മയുടെ കാലത്താണ്. 1755-1775 കാലത്തു രാമയ്യൻ ദളവയാണ് ഊട്ടുപുരയുടെ കാര്യത്തിൽ വ്യവസ്ഥകൾ ചെയ്തത് (ഡോ. എസ്സ്കെ വസന്തൻ, കേരള സംസ്കാര ചരിത്ര നിഘണ്ടു ഭാഗം ഒന്ന്, പേജ് 198). വഴിയാത്രക്കാരായ ബ്രാഹ്മണരെ ഉദ്ദേശിച്ചാണിതിൻ്റെ നിർമ്മിതി. അവർക്ക് സൗജന്യമായി ഇവിടെ ആഹാരം കൊടുത്തിരുന്നു. രാജാക്കന്മാരും ജന്മികളുമാണ് ഇങ്ങനെ ഊട്ടുപുരകൾ നിർമ്മിച്ചിരുന്നത്. നാട്ടിൽ ഊട്ടുപുരകൾ സ്ഥാപിക്കുന്നത് പുണ്യമായി ജന്മികൾ കരുതിയിരുന്നതായും ഡോ. വസന്തൻ രേഖപ്പെടുത്തുന്നു (അതേപേജ്). 1909-ൽ തിരുവിതാംകൂറിൽ ഊട്ടുപുര സമ്പ്രദായം നിർത്തലാക്കിയിരുന്നു. പിൽക്കാലത്ത് അത്തരം ഊട്ടുപുരകൾ ചരിത്ര സ്മാരകങ്ങളാക്കി നിലനിർത്താൻ ശ്രമങ്ങളുണ്ടായി.
ചെട്ടികുളങ്ങര ക്ഷേത്രത്തോടനുബന്ധിച്ചും ഒരു ഊട്ടുപുരയുണ്ടായിരുന്നു. ആ ഊട്ടുപുര നിർമ്മിച്ചതു കോമലേഴത്ത് കുഞ്ഞുശങ്കര ചേകവരുടെ കാലത്തായിരുന്നു (1820-1895). നൂറുവർഷം കഴിഞ്ഞ നിർമ്മിതികളെ ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്നാണ് സർക്കാർ നിയമം. പക്ഷേ, നിർഭാഗ്യവശാൽ നൂറ്റാണ്ടുകൾ പിന്നിട്ട ആ ഊട്ടുപുര ഏതാനുംവർഷം മുമ്പു പൊളിച്ചു കളഞ്ഞു. പകരം ആധുനികമായ ഒന്നു നിർമ്മിക്കുകയും ചെയ്തു.
ഓടുപാകി കഴുക്കോലുംമറ്റും തേക്കുതടിയിൽ നിമ്മിച്ചതായിരുന്നു ആ ഊട്ടുപുര. അതിൻ്റെ പൊളിച്ച അവശിഷ്ടങ്ങൾ ഉരുക്കി ചാന്തു നിർമ്മാണത്തിനുപയോഗിച്ചിരുന്നു. അതിൻ്റെ നിർമ്മാണകാലവും നിർമ്മിച്ചു സമർപ്പിച്ച കോമലേഴത്ത് കുഞ്ഞുശങ്കര ചേകവൻ്റെ പേരും ഊട്ടുപുരയുടെ തെക്കുകിഴക്കേ കരിങ്കൽ കവാടത്തിൽ തമിഴ് ലിപികളിൽ ആലേഖനം ചെയ്യപ്പെട്ടിരുന്നു. കാലാന്തരത്തിൽ അതു വായിക്കാനാവാത്തവിധം മാഞ്ഞു പോയതിനാൽ കേരള ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം അത് കോമലേഴത്തു കുഞ്ഞുശങ്കരചേകവൻ നിർമ്മിച്ചു സമർപ്പിച്ചതാണെന്ന ശിലാഫലകം സ്ഥാപിച്ചിരുന്നു. ജർമ്മനിയിൽ ഇന്ത്യൻ അംബാസഡർക്കൊപ്പം ഉന്നതപദവിയിൽ പ്രവർത്തിച്ച എം. ദേവരാജൻ എന്നയാളാണ് ഹൈക്കോടതിയിൽനിന്നും ഈ വിധി സമ്പാദിച്ചത്. ഊട്ടുപുര പൊളിച്ചതോടെ ഫലകവും അപ്രസക്തമായി.
1976 ജൂൺ മാസം മാതൃഭൂമി വാരികയിൽ വെന്നി വാസുപിള്ള എഴുതിയ ലേഖനത്തിൽ നിന്നും.ഉന്നത ജാതികളെന്നഭിമാനിക്കുന്ന വിഭാഗങ്ങൾക്കുമാത്രമല്ല ക്ഷേതവുമായി ബന്ധമെന്നു കാലത്തോടു സംവദിക്കാൻ ഇത്തരം സ്മാരകങ്ങൾ ഉപകാരപ്പെടും. അതിനാൽ അത്തരം നിർമ്മിതികളെ ഉന്മൂലനം ചെയ്യുന്നത് ചരിത്രത്തോടു ചെയ്യുന്ന കടുത്ത വഞ്ചനയാണ്. നിലംപൊത്തിയ ഈഴച്ചെമ്പകത്തെ സംരക്ഷിക്കാൻ മുൻകൈയ്യെടുത്ത ക്ഷേത്ര സംരക്ഷകർക്ക് ഊട്ടുപുരയും സംരക്ഷിക്കണമെന്നു തോന്നാത്തത് നിർഭാഗ്യകരമായി. തന്ത്രിയോടും ജ്യോതിഷിയോടും മാത്രമല്ല, പുരാവസ്തുശാസ്ത്രജ്ഞനോടും ചരിത്രകാരനോടും ക്ഷേത്രപുനർനിർമ്മാണ വേളകളിൽ അഭിപ്രായം ആരായേണ്ടതുണ്ടെന്നാണിതു കാണിക്കുന്നത്.
_______________________________ >> ഹരികുമാർ ഇളയിടത്ത്
Comments
Post a Comment