വിചാര ബിന്ദുക്കള്‍ | പുതുവര്‍ഷം
പുതുവര്‍ഷ ചിന്ത
പുതിയവഴിയിലേക്ക് കടക്കും മുൻപേ..
സുജാ ഗോപാലന്‍
ഒരു വഴിയുടെ അറ്റത്തെത്തിയാൽ പിന്നെ ഒരു പുതിയ വഴി. ആ വഴിയിലേക്ക് തിരിയുന്നിടത്തൊരു വഴിയമ്പലം. ആ വഴിയമ്പലത്തിൽ അല്പനേരം നമുക്കിരിക്കാം. ഇരിക്കുന്നതിനു മുൻപ് നടന്നു തീര്‍ത്ത വഴിയിലേക്ക് ഒന്നു തിരിഞ്ഞ് നോക്കാം. ആ വഴിയിലൂടെ യാത്ര തുടങ്ങിയപ്പോൾ നമ്മോടൊപ്പം ഉണ്ടായിരുന്ന പലരും ഇപ്പോൾ ആ വഴിയിലില്ല. വഴിയുടെ അറ്റത്തെത്തുന്നതിനു മുമ്പു തന്നെ അവർ ചലനമറ്റു വീണു. കാലത്തിൻ്റെ തിരശ്ശീലക്കുള്ളിൽ മറയുകയും ചെയ്തു.
പക്ഷേ, നാം യാത്ര തുടരുന്നു. ഒരു വർഷം കൂടി കടന്നു പോവുകയാണ്. നാം പുതിയ വർഷത്തിലേക്കു കാലെടുത്തു വയ്ക്കുകയും ചെയ്യുന്നു.
പ്രപഞ്ചത്തിനും പ്രകൃതിക്കും പഞ്ചാംഗമൊന്നുമില്ല. പ്രപഞ്ചത്തിൻ്റെ കണ്ണിൽ ഒരു മൺ തരിയെക്കാൾ ചെറുതായ മനുഷ്യൻ, അവൻ്റെ സൗകര്യത്തിന് സമയത്തേയും കാലത്തേയും അളന്നു കുറിക്കാനുണ്ടാക്കിയ ഒരു പട്ടികയാണ് അത്. ആയിക്കോട്ടെ. ആ പഞ്ചാംഗം കാലത്തെ വർഷങ്ങളായി തിരിച്ചിരിക്കുന്നു. ഒരു വർഷത്തിൽ നിന്ന് മറ്റൊരു വർഷത്തിലേക്കു കടക്കുമ്പോൾ പലതും ഓർക്കാൻ നമുക്ക് കഴിയണം. അങ്ങനെ ഓർക്കുമ്പോഴാണ്, ചിലതെല്ലാം നെഞ്ചിനകത്തിരുന്ന് നീറുന്നത് നാം അറിയുന്നത്.
പുഴയേത് റോഡ് ഏത് എന്നറിയാത്ത രീതിയിൽ മഴവെള്ളപ്പാച്ചിലിൽ കിട്ടിയതെല്ലാം കൈയ്യിലെടുത്ത് രക്ഷപെടാൻ തുടങ്ങിയതിന് മുൻപ് പ്രകൃതി ഇളകിയാടി സർവ്വവും നഷ്ടപ്പെടുത്തിയ പെട്ടിമുടിയിലെ സഹോദരങ്ങൾക്ക് മായ്ക്കാനും മറക്കാനുമാവാത്ത ഒട്ടനവധി രംഗങ്ങൾ ഓര്‍മ്മയിലുണ്ട്. കലിതുള്ളി വന്ന കാലവർഷം വീടുകളും കൃഷിസ്ഥലങ്ങളു മെല്ലാം മണ്ണിനടിയിലാക്കിയാണ് കടന്നു പോയത്. ഇനിയും കിട്ടിയിട്ടില്ലാത്ത ഉറ്റവരുടെ ശവശരീരങ്ങൾക്ക് വേണ്ടിയും, ഇനിയും തിരിച്ചുവരാത്തവര്‍ക്കുവേണ്ടിയും വെറുതെയെങ്കിലും കാത്തിരിക്കുന്നവർ ആരുടെയും മനസ്സിനെ കൊരുത്തുവലിക്കും.
വരുത്തിവെച്ച ദുരന്തങ്ങളിൽ നടുങ്ങി നിൽക്കുന്ന കേരളം. ഈ കേരളത്തെ കേരളമായി കാക്കുന്ന, അതിൻ്റെ ഹരിതാഭക്ക് കുട പിടിക്കുന്ന, പശ്ചിമഘട്ട മലനിരകളെ ഇടിച്ചു നിരത്തി ചീട്ടുകൊട്ടാരം പണിയുമ്പോൾ വരാനിരിക്കുന്ന മഹാദുരന്തത്തിനെ പറ്റി നമ്മുടെ
പരിസ്ഥിതി സ്നേഹികൾ മുന്നറിയിപ്പുകള്‍
നല്‍കിത്തുടങ്ങിയതാണ്. ഈ വക മുന്നറിയിപ്പൊന്നും വകവെക്കാതെ നമ്മുടെ പരിസ്ഥിതിയെ മലിനപ്പെടുത്തിയും കാടുകളും മലകളും ഒന്നാകെ തുടച്ചു നീക്കിയും ജീവിതത്തിൽ ഇരുട്ട് വീഴ്ത്തിയവരാണ് നമ്മള്‍. അങ്ങനെ ഇരുട്ടു വീണ നമ്മൾ, 2020 പുതുവർഷാരംഭത്തോടു കൂടി ജന ജീവിതം ദുരിതത്തിലാണ്ട് നടന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക്
കോവിഡ് 19 എന്ന വൈറസ് പടർന്നു. ഉറ്റവരെ കാണാതെ പുറത്തിറങ്ങാൻ കഴിയാതെ ജനതയെ ഒന്നടങ്കം തളച്ചിടുകയായിരുന്നു വിധി. മരണപ്പെട്ടവർ ലക്ഷങ്ങൾ കവിഞ്ഞു. മരിച്ചവരെ ഒരു നോക്കു കാണാൻ കഴിയാതെ, ഒരു അന്ത്യചുംബനം നൽകാൻ കഴിയാതെ, എത്രയോപേര്‍ കാലയവനികക്കുള്ളിൽ മറഞ്ഞവർ.. പള്ളികളും അമ്പലങ്ങളും മസ്ജിദുകളും അടഞ്ഞു. മൂക്കും വായും ദൈവം ഒരു പോലെ മറച്ചു. ദരിദ്രനെന്നോ സമ്പന്നനെന്നോ ഇല്ലാതെ എല്ലാവരും ഒരേ കുഴിയിൽ വെട്ടി മൂടപ്പെട്ടു. ഈ മഹാമാരി നമ്മുടെ ആരോഗ്യപ്രവർത്തകരെ തളർത്തി. നമ്മുടെ സങ്കല്പങ്ങളെ തകർത്തു. ഈ അവസ്ഥയിൽ ശാസ്ത്രം പകച്ചു നിൽക്കുന്നു.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സുന്ദര ബന്ധം കവിതകളിലൂടെയും പോരാട്ടങ്ങളിലൂടെയും ബോധ്യപ്പെടുത്തിക്കൊണ്ടിരുന്ന സുഗതകുമാരിയുടെ വേർപാട് കാവ്യ മലയാളത്തിനും സാംസ്കാരിക കേരളത്തിനു വരുത്തിവെച്ച ശൂന്യതയ്ക്ക് ആഴം ഏറെയാണ് .
ആചാരങ്ങളെതള്ളിപ്പറഞ്ഞ് ശാസ്ത്രത്തെ കൂട്ടുപിടിച്ച ജനത! ദൈവങ്ങളില്ലെന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ് ലോകത്തെ തകർത്ത ഒരു കൂട്ടം ജനത! അന്ന് തുടങ്ങിയതാണ് പ്രകൃതിക്ക് കലി. ആ കലി
എത്ര പാവങ്ങളുടെ ജീവനെടുത്തു നമ്മോടൊത്ത് യാത്ര തുടങ്ങിയ എത്രയോ പേർ വഴിമദ്ധ്യേ വീണു പോയിരിക്കുന്നു. നാം വീണുപോയില്ലല്ലോ എന്ന ചെറിയ സന്തോഷവും ഉണ്. വീണു പോയിരുന്നെങ്കിൽ എത്രയോ നന്നായിരുന്നു ദുരിതങ്ങളും പേറിയുള്ള ഈ യാത്രയിൽ നിന്ന് രക്ഷപെടുമായിരുന്നല്ലോ എന്ന് ചിന്തിക്കുന്നവരും നമുക്കിടയിൽ കണ്ടെന്നു
വരാം. 'രാജ്യത്ത് പകയും വിദ്വേഷവുമില്ലാത്ത പൗരത്വം പുലരട്ടെ.. വർഗ്ഗീയത കോവിഡിൻ ചിതയിൽ കത്തിയമരട്ടെ..'
സുജാ ഗോപാലൻ | മാവേലിക്കര സ്വദേശി. കവി
ആകർഷകമായ അവതരണം👍
ReplyDelete