കവിത

ഗാന്ധിസം

ഹേമ ആനന്ദ്

ഇന്നു ഗാന്ധിതൻ രക്തസാക്ഷിദിനത്തിലായ് ചിന്തിക്കവേ

എന്തുനേടിയിതിന്ത്യയെന്നൊരു സങ്കടം മനതാരിലായ്

ഗാന്ധിതന്നുടെ ആശയങ്ങളതന്നുതാൻ ദൂരേയ്ക്കെറി -

ഞ്ഞിന്ത്യയിൽ നേതാക്കളോ പണിതെത്രയും മണിമാളിക

രാഷ്ട്രമൊന്നു നവീകരിക്കാൻ പാർട്ടികൾ പലതെങ്കിലും

പാർട്ടിതൻ നേതാക്കളോ സ്വയം കീശയങ്ങുനിറയ്ക്കയായ്

ആർത്തരേയവരെന്നുമേയൊരു ചൂഷണം ചെയ്താകിലും 

ദ്വേഷബുദ്ധി മനസ്സിലും അവരൊന്നു മെല്ലെ നിറച്ചഹോ 

മുന്നിലുള്ളൊരനീതിയൊന്നതു കാൺകവേ മിഴികൂമ്പിയും 

ഉള്ളിലെ പ്രതിഷേധമോ ശിലപോലുറഞ്ഞതറിഞ്ഞുവോ

മൗനമൊന്നു ഘനീഭവിച്ചിഹ തിന്മകൾക്കു സഹായമായ്

തിന്മകൾക്കെതിരേ ചലിക്കാൻ വിപദിധൈര്യവുമില്ലഹോ 

കരിപുരണ്ടൊരു വേഷമീവിഷലിപ്തമാം  വസുധാതലേ 

തക്കമോർത്തു ചരിക്കുമെന്നൊരു സത്യവും നാമറിയണം

കരുതണം, ഈ പാതയിൽ,  നാം വെട്ടമൊന്നതു പകരണം 

ഓർക്കണം അവരെത്തിടും, ഒരുനാളിൽ നമ്മെ കുരുക്കുവാൻ 

നമ്മിലെ നമ്മേയവരും  പാട്ടിലാക്കുമ തോർക്കണം

ഇന്ദ്രിയങ്ങൾ തുറന്നുനാമവരേയുമൊന്നങ്ങറിയണം 

മൗനമാർന്നൊരു നാവുതാനൊരു കാരണം, അതുമറിയണം

പ്രതികരിക്കാനുള്ള ശേഷിയതൊന്നു നാമാർജ്ജിക്കണം

നാട്ടിൽ നന്മ പുലർന്നിടാനണിചേരണം നാമേവരും 

സത്യമാനസനായ ഗാന്ധിതന്നാശയും നിറവേറ്റുവാൻ

     ഹേമ ആനന്ദ്

Comments

Post a Comment

Popular Posts