കവിത

ബൗദ്ധ 

| സ്മിത പഞ്ചവടി


ബുദ്ധ,

നിന്‍റെ കണ്ണുകളെയാണെനിക്ക് ഭയം 

മുങ്ങി മരിക്കുവാൻ എന്നെ ക്ഷണിക്കുന്നവ ,


മയിൽപ്പീലികളെ അടക്കം ചെയ്ത 

നിന്‍റെ ഈ നോട്ടങ്ങൾ ഇനി വേണ്ട ,

എന്‍റെ ഞരമ്പുകളെയാണത്  

 കൊത്തിവലിക്കുന്നത് !

കേൾക്കുന്നില്ലേ അവയിലെ കടലിരമ്പം ,

ഇപ്പോൾ അതിന്‍റെ ആരവം ഉച്ചസ്ഥായിയിലാണ് 

കെട്ടിയുയർത്തിയ തീരങ്ങളെ 

നക്കിയെടുക്കുവാൻ ആർത്തുവരും പോലെ ,


നിന്‍റെ ഈ മൗനത്തിന്‍റെ

മദം പിടിപ്പിക്കുന്ന ഇടവേളകളെയും

ഞാനിന്നു ഭയക്കുന്നു

നീ എനിക്കായ് തന്ന 

ഈ നിശ്ശബദതയുടെ പുതപ്പു വാരിച്ചുറ്റിയാൽ

മോക്ഷ പദത്തിലേക്കെത്തുമെന്നോ ?


എന്ത് വിഡ്ഢിത്തം !

എന്‍റെ ഞരമ്പുകളിൽ കടൽത്തിരകൾ 

പിന്നെയും അടക്കം പറഞ്ഞു ചിരിക്കുന്നു 

എന്ത്  വിഡ്ഢിത്തം !

സ്മിത പഞ്ചവടി

Comments

Popular Posts