കവിത

മാസ്കിട്ട സുന്ദരി 

ഉണ്ണികൃഷ്ണൻ മുതുകുളം

••

അസ്തമയസൂര്യൻ മറഞ്ഞിട്ട് 

നാലു നാഴിക കഴിഞ്ഞു..


ആദ്യമായി കാണുകയാണ്, 

മുന്നിൽ ഈ രൂപത്തിൽ 

ഒരു സുന്ദരിയെ... !!

ഒറ്റനോട്ടത്തിൽ വെണ്ണക്കൽ പ്രതിമ.. 

വീണ്ടും നോക്കിയപ്പോൾ 

കറുത്ത മാസ്കിട്ടിരിക്കുന്നു... 

ആഭരണങ്ങളൊന്നുമില്ല... 

കാതിൽ കമ്മൽത്തുളകൾ മാത്രം.. !!

മൂക്കുത്തിയും... 

ഊരിപ്പോയിരിക്കുന്നു.. !


ചിരിക്കുകയാണോ? 

കരയുകയാണോ? 

മാസ്ക് എല്ലാം ഒളിപ്പിക്കുന്നു..!!

ത്വരയുണർത്തുന്ന കവാടങ്ങളെല്ലാം 

നീല ഗൗൺ കൊണ്ട് 

മൂടപ്പെട്ടിരിക്കുന്നു... 

അത്  ഇരുണ്ട മേഘം പോലെ... 


ചുണ്ട് പൊട്ടിയിട്ടുണ്ട്.. !!

കൈത്തണ്ടയിൽ വയലറ്റ് മറുക്... 

ഇരുകവിളിലും നുണക്കുഴി... 

ചിരി മാഞ്ഞിട്ടില്ല.. !

നീല ഗൗൺ കുടുക്കുകൾ, 

വീണ്ടും, 

നേരെയാക്കി.... 

ഇനിയുമുണ്ട് നേരം വെളുക്കാൻ.. 


ആസക്തിയുടെ, സ്നിഗ്ദ്ധത 

പകർന്ന, 


ടേബിളിൽ തന്നെ ഉറങ്ങട്ടെ.. 

കീറി മുറിക്കാനുള്ള സുന്ദര ഗാത്രം.. !!!


ഉണ്ണികൃഷ്ണൻ മുതുകുളം
..............................................
പ്രമുഖ ആനുകാലികങ്ങളിൽ അരനൂറ്റാണ്ടായി എഴുതിവരുന്നു. എഴുതാൻ പറ്റാത്ത ചിലത്, വെപ്പാട്ടി തുടങ്ങി പത്തോളം പുസ്തകങ്ങൾ. പ്രധാന അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം

Comments

Popular Posts