കവിത


>> സി ഹരിദാസ് കൊടകര       

ഭൂമിയമ്മ 

ആകാശം വലുതാണ്

ഭൂമി ചെറുതും

ഒരു ചേലിന് മുഷ്ടി

മുകളിലേക്ക്.

പാതാളത്തോട്

കയർക്കുമ്പോഴും

ചുരുട്ടിപ്പിടിച്ച

കൈപ്പടം മുഷ്ടി

മുകളിലേക്ക് തന്നെ.

നീക്കുപോക്കില്ല

ദേഷ്യത്തോടെ

വെറുപ്പോടെ

മുകളിലേക്ക് 

നേതാവ് തർക്കിച്ചു.

പിടിതരാത്തതെല്ലാം

മുകളിലേക്ക്

കയ്യിലുള്ളതെല്ലാം

കീഴേക്കും.

ഓർമ്മവച്ചതു മുതൽ

പാടത്ത് പട്ടങ്ങളുണ്ട്

കൂടെ പിള്ളേരും

മുതിർന്നവരും.

ഒരു പട്ടവും

ആകാശം തൊട്ടില്ല

ഇതുവരെ.

ഭൂമിക്കും ആകാശത്തിനും

ഇടയിൽ

ദിശ നഷ്ടപ്പെട്ട്

തൂങ്ങിക്കിടന്നു.

പിടഞ്ഞു.

ചോദിച്ചാൽ

കളിക്കയാണെന്നും.


ചണ്ഡാളത്വം ശാപമല്ലേ

എന്നെ സ്വർഗ്ഗസ്ഥനാക്കുക

ത്രിശങ്കു പറഞ്ഞു.

പറ്റില്ലെന്ന് സ്വർഗ്ഗം.

റിവേഴ്സില്ലാത്ത

പേടകം

എത്രനാളിങ്ങനെ

മുതിർന്ന

കുട്ടികളോടൊത്ത്

പട്ടമായിരിക്കും.


മൂത്തവൻ

ജോലി

കഴിഞ്ഞെത്തിയാൽ

അമ്മയുടെ മേൽ

കെട്ടിമറിയും

പുറമേ ചിലച്ചാലും

ഉള്ളം ചുരത്തി

അമ്മ.

ഇതാണ് ഭൂമി.

ഇത് എവിടേയുമില്ല.

സി. ഹരിദാസ് കൊടകര


Comments

Popular Posts