ഞായർ കവിത
സ്വപ്നം
ഡോ. ഉഷാറാണി പി
ഞാനിന്നലെ നിന്നെ സ്വപ്നം കണ്ടു
ഞാൻ കടലായിരുന്നു, നീ കരയും
തിരമാലക്കൈകൾ നീട്ടി നിന്നെപ്പുണരാൻ
ഞാനണഞ്ഞു കൊണ്ടേയിരുന്നു.
ഞാനടുക്കുമ്പോൾ നീയകന്നു.
തലയിട്ടടിച്ചു ഞാൻ തളർന്നുവീണു.
ഓരോ തവണയും ഞാനുയിർത്തെണീറ്റു
എൻ്റെ വാഴ് വുതന്നെ നിന്നിലെന്നു
ഞാനെന്നേയറിഞ്ഞിരുന്നു.
നെഞ്ചിലെ തിരയടക്കി
ശാന്തമായ് എനിക്കുറങ്ങാൻ
രാത്രിയിൽ കൺചിമ്മാതെ നീ
നക്ഷത്രമായ് നിന്നതും ഞാൻ കണ്ടു.
ഇന്നു നക്ഷത്രങ്ങൾ സാക്ഷി.
നടുവിൽപ്പായുന്ന
ജീവിതത്തീവണ്ടിയ്ക്കിരുവശം
തമ്മിൽക്കാണാതെ
സമാന്തര ദിശകളിൽ നിൽക്കുന്നു നാം.
ഇനി മടങ്ങുക, നിൻ്റെ ഘോരവ്രതത്തിൻ്റെ
നിഷ്ഠയിലൊതുങ്ങുക.
സ്വപ്നത്തിൽ വരില്ല
സ്വപ്നമായും വരില്ല
നക്ഷത്രമായാകാശ -
ച്ചെരുവിലൊതുങ്ങും വരെയും..
ഡോ.ഉഷാറാണി പി.
തിരുവനന്തപുരം ആറ്റുകാൽ ചിൻമയ വിദ്യാലയയിൽ മലയാളം അദ്ധ്യാപിക. 'ആത്മനിവേദനം' എന്ന ഒരു കാവ്യ സമാഹാരം പ്രസിദ്ധീകരിച്ചു. കലാകൗമുദി തുടങ്ങിയ ആനുകാലികങ്ങളിൽ ലേഖനങ്ങൾ, കഥ, കവിത എന്നിവ എഴുതുന്നു.
Comments
Post a Comment