കഥ

സ്നേഹം

സതീശൻ ബി

മനുവിന് പ്രത്യാശയുടെ ഒരു പിടിവള്ളി ആയിരുന്നു നിനച്ചിരിക്കാതെ കിട്ടിയ ജോലി.

പല വാതിലും മുട്ടിയിട്ട് കിട്ടാത്തതും മുട്ടാത്ത വാതിൽ നിന്ന് വിളിച്ചു തന്നതുമായ ജോലി.

അബുക്കാന്റെ കടയിലെ സപ്ലയർ ജോലി.

അടുത്ത ദിവസത്തേക്ക് കാത്തിരിക്കാതെ വിളി വന്നപ്പോൾ തന്നെ ജോയിൻ ചെയ്തു.

പ്ലസ് ടു കഴിഞ്ഞു നിൽക്കുകയല്ലേ. തുടർ പഠനവും ജോലി അന്വേഷിക്കലുമായി ചില്ലറ ചിലവുകളൊക്കെയില്ലേ? സമാധാനമായി!

അപ്പന് ഓട്ടോ ഓടിക്കിട്ടുന്നത് സ്വന്തം വയറ്റിലക്ക് കള്ളുനിറയ്ക്കാൻ തന്നെ തികയുന്നില്ല. അമ്മച്ചി കോഴിയും താറാവും ആടിനേയും വളർത്തി അതിൽ നിന്നുള്ള വരുമാനത്തിൽ കഷ്ടിച്ച് നാലുപേരടങ്ങുന്ന കുടുംബത്തെ മുന്നോട്ടു കൊണ്ടു പോകുന്നു. രാവിലത്തെ കാപ്പിയും ഉച്ചയൂണും കടയിൽ നിന്നുതന്നെ! വൈകിട്ടു പോരാനൊരുങ്ങുമ്പോൾ അനിയത്തിക്ക് കൊടുക്കാൻ അബൂക്ക ഒരു പൊതിതരും അത് കാത്ത് അവളും. മറ്റ് ചിലവുകൾ ഇല്ലാത്തതിനാൽ ശമ്പളത്തിൽ നിന്ന് മുൻകൂർ പറ്റുമില്ല. അടുത്ത മാസം ശമ്പളം കിട്ടുമ്പോൾ തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്റിന് പോകണം.

ശമ്പളം സ്വപ്നം കണ്ട് ആഴ്ചകൾ മാസത്തിലേക്കെത്തി. ജോലിക്കെത്തിയ തീയതി കഴിഞ്ഞിട്ടും അബുക്കാന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവുമില്ല. റിക്രൂട്ട്മെന്റിന് പേകേണ്ട ദിവസവും അടുക്കുന്നു. രണ്ടും കല്പിച്ച് ശമ്പളം അങ്ങോട്ടു ചോദിച്ചു. അബുക്കാന്റെ മറുപടി കേട്ട് ഹൃദയം നിലച്ചപോലായി.

കൃത്യദിവസം തന്നെ അപ്പൻ വന്ന് ശമ്പളം വാങ്ങിപ്പോയെന്ന്. അപ്പന്റെ ചീത്തവിളി ഭയന്ന് ചോദിച്ചപ്പൊഴേ ശമ്പളം കൊടുത്തൂന്ന്. അപ്പനാത്രേ തന്നെ അവിടെ ജോലിക്ക് നിർത്താൻ അബുക്കാനോട് പറഞ്ഞത്.

പ്രതീക്ഷകൾ എല്ലാം തകർന്ന് വീട്ടിലെത്തി അമ്മച്ചിയോട് കാര്യങ്ങൾ പറഞ്ഞു.

നിസ്സഹായതിൽ നിന്നു വിതുമ്പുന്ന അമ്മച്ചിയെ കണ്ടപ്പോൾ എല്ലാദേഷ്യവും എങ്ങോട്ടോ പോയി.

പിറ്റേ ദിവസം എവിടുന്നെക്കയോ കടംവാങ്ങി അമ്മച്ചി തന്ന പൈസയുമായി റിക്രൂട്ട്മെന്റിന് പോകാനായി ഇറങ്ങുമ്പോഴമ്മച്ചി പറഞ്ഞു: 'വിഷമിക്കാതെ മോൻ പോയി വാ. അമ്മച്ചി പ്രാർത്ഥിച്ചിട്ടുണ്ട്. എന്റെ മോന് ഈ ജോലി കിട്ടും'

അമ്മച്ചിയുടെ വാക്കുകൾ വല്ലാത്തൊരു ഉണർവ്വായി..

ട്രെയിനിംഗിൽ ഫിസിക്കൽ പാസ്സായി. പിന്നെ റിട്ടൺ ടെസ്റ്റിന് പോയി. ജോലി കിട്ടുന്നതുവരെയും അബുക്കാന്റെ ശമ്പളക്കാരനായിരുന്നു.

അപ്പന് വേണ്ടി മാത്രം !!!



Comments

Popular Posts