കരിപ്പുഴത്തോട്

കരിപ്പുഴത്തോടും പുരാവൃത്തങ്ങളും


ചെട്ടികുളങ്ങര ഭഗവതിയുടെ ആഗമം കൂടാതെ, കരിപ്പുഴ തോടുമായി നാട്ടുജീവിതങ്ങളെ ബന്ധിപ്പിച്ചു നിർത്തുന്ന ഒരുപിടി പേലവമായ പുരാവൃത്തങ്ങൾ കൂടിയുണ്ട്. ചിലതെല്ലാം ഇപ്പോഴും തുടരുന്ന ആചാരാനുഷ്ഠാനങ്ങളിൽ പ്രതിഫലിക്കുമ്പോൾ മറ്റുചിലതെല്ലാം നാട്ടോർമ്മകളായി കൈമാറ്റം ചെയ്യപ്പെടുന്നവയാണ്. അവയിൽ ഏതാനും പുരാവൃത്തങ്ങളാണ് ചുവടെ.


പുരാവൃത്തം -ഒന്ന്

'ചങ്ക്രാന്തിയുത്സവം'

കര്‍ക്കിടകം ഒന്നാം തീയതി പത്തിയൂര്‍ - കരിപ്പുഴ - കണ്ണമംഗലം-ഏവൂര്‍ കരിപ്പുഴ ദേശക്കാര്‍ക്ക് വിശേഷ ദിവസമാണ്. നാട്ടുകാരുടെ 'ചങ്കിരാന്തി'യുത്സവമാണന്ന്.

കരിപ്പുഴ തോട്ടില്‍ അന്നു വള്ളംകളി പതിവാണ്. സംക്രാന്തി വള്ളങ്കളിയെന്നാണു പറഞ്ഞുവരുന്നത്. എത്രയോ കാലങ്ങളായി അത് ഇവിടുത്തെ പതിവു കാഴ്ചയാണ്. ഒപ്പം ചില ഐതിഹ്യപ്പെരുക്കങ്ങളുമുണ്ട്. ഏവൂര്‍ ഭഗവാന്‍ കളിവള്ളത്തിലേറി പത്തിയൂര്‍ ഭഗവതിയെ കാണാനെത്തുന്ന ദിവസം കൂടിയാണന്ന്. അതാണ് പുരാവൃത്തത്തിലെ പ്രധാന സങ്കല്പം. 

കരിപ്പുഴ തോടിനു പടിഞ്ഞാറുഭാഗത്താണ് ഏവൂർക്ഷേത്രം സ്ഥിതിചെയ്യുന്നത്. അലവാ, ഏവൂർ കിഴക്കേ നടയിലെ ആൽത്തറയിൽനിന്നും ഉദ്ദശം ഒന്നര കിലോമീറ്റർ നേർകിഴക്കായാണ് കരിപ്പുഴത്തോട്.

അമ്പലം വക വള്ളത്തില്‍ ഭഗവാന്‍റെ തിടമ്പ് എഴുന്നള്ളിക്കുന്നതോടെയാണ് തുടക്കം. ഈ വള്ളത്തില്‍ മുത്തുക്കുടയുണ്ടായിരിക്കും. പത്തിയൂരമ്മക്ക് പൂമാലയും പുകയിലയുംമറ്റും പ്രത്യേകം കരുതിയിരിക്കും. മൂന്നു വള്ളങ്ങളിലായി കരക്കാര്‍ വഞ്ചിപ്പാട്ടുംപാടി കളിച്ച് പത്തിയൂര്‍ കടവിലെത്തും. കരുതിയിരിക്കുന്ന വെറ്റിലയും ദക്ഷിണയും മറ്റും 'വല്യമ്മയ്ക്ക്' കാഴ്ചവെയ്ക്കും. വഴുപാടുകളും നടത്തി പാട്ടും പാടി തിരികെപ്പോരും. 

നല്ലമഴയുള്ള കാലങ്ങളുണ്ടായിരുന്നു. ഇടമുറിയാതെ പെയ്തിരുന്ന നാളുകളും വിരളമല്ല. എത്ര കുറഞ്ഞാലും പുതുവെള്ളം എന്ന പതിവ് പ്രകൃതി ഇത്തവണയും മുടക്കിയില്ല. വൈകിട്ട് ഏകദേശം മൂന്നു മണിയോടെ ഏവൂര്‍ ക്ഷേത്രത്തിനു നേരേ കിഴക്കായി, മറുകരയില്‍ കണ്ണമംഗലം ദേശത്ത് പടിഞ്ഞാറേക്ക് ദര്‍ശനമായി നിലകൊള്ളുന്ന ഉരിയുണ്ണിത്തേവരെ ദര്‍ശിക്കാന്‍ പുറപ്പെടും. ആവണക്കുംതോടുവഴിയാണ്  കിഴക്കോട്ട് യാത്ര. 

ഉരിയുണ്ണിത്തേവരുനടയിലെത്തി സംഘം വഴുപാടുകള്‍ നടത്തും. അവിടുത്തെ ക്ഷേത്ര ഭാരവാഹികളും കരക്കാരും നല്‍കുന്ന സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മറുകരയിലെത്തി, ശ്രീഭൂതനാഥന് നൂറുകണക്കിന് കരിക്ക് നേദിക്കുന്നതോടെ 'ചങ്കിരാന്തി'യുടെ ചടങ്ങുകള്‍ അവസാനിക്കും.

പുരാവൃത്തം -രണ്ട് 'ഉരിയുണ്ണിത്തേവർ'

ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെയും ചെട്ടികുളങ്ങര കണ്ണമംഗലം വടക്കുകരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൻ്റെയും ശ്രീകോവിലുകൾ പരസ്പരം അഭിമുഖീകരിക്കും വിധമാണു നിർമ്മിച്ചിരിക്കുന്നത്. രണ്ടുക്ഷേത്രങ്ങളിലെയും പ്രതിഷ്ഠാദിനം ഒരേദിവസം ഒരേ മുഹൂർത്തത്തിലാണു നടത്താൻ നിശ്ചയിച്ചിരുന്നത്. 

മുഹൂർത്തം മാറിപ്പോകാതിരിക്കാൻ ആളുകൾ ഒരുപായം കണ്ടെത്തി. ഇരു ക്ഷേത്രങ്ങളിലെയും മണികളെ നീണ്ട ഒറ്റമുടിക്കയർ കൊണ്ടു ബന്ധിക്കുക. പ്രതിഷ്ഠ തുടങ്ങുമ്പോൾ മണിയടിക്കുക. ഇരുക്ഷേത്രങ്ങളിലും ഒരേസമയം പ്രതിഷ്ഠിക്കുക. ഇതായിരുന്നു അന്നത്തെ ആളുകൾ കണ്ട ഉപായം. അങ്ങനെ പുഞ്ചക്കു നടുവിലൂടെ കരിപ്പുഴത്തോടിനു കുറുക കയർ വലിച്ചുകെട്ടി.

ആളുകൾ കാത്തുകാത്തിരിക്കേ, ഇക്കരെ മണി മുഴങ്ങി. ഏവൂരിലും പ്രതിഷ്ഠാ സമയമായെന്നുകരുതി ഇവിടുത്തെ പ്രതിഷ്ഠ നിഷ്ഠയായി  കഴിച്ചു.

എന്നാൽ യഥാർത്ഥ മുഹൂർത്തത്തിനും അല്പം മുമ്പേയാണ് ഇവിടെ പ്രതിഷ്ഠനടന്നത്. ഒരു കാക്ക പുഞ്ചക്കു കുറുകേകണ്ട കയറിൽ കയറി വിശ്രമിക്കാനിരുന്നതിൻ്റെ ആയത്തിലാണ് ഇവിടെ മണി മുഴങ്ങിയതെന്ന് ആളുകൾ പിന്നീടാണറിഞ്ഞത്.

ഇങ്ങനെ നിശ്ചയിച്ച മുഹൂർത്തത്തിനും നേരത്തേ പ്രതിഷ്ഠനടന്നതിനാൽ ഇവിടുത്തെ മൂർത്തിയെ പിന്നീട് ഉരിയുണ്ണിത്തേവർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

പുരാവൃത്തം-മൂന്ന് എരുവയിലുണ്ണിക്കണ്ണൻ്റെ പിണക്കം

ഓടനാട് രാജാവിന്‍റെ കാലത്തിനുമുമ്പേ ഒരു ക്ഷേത്രം എരുവയില്‍ ഉണ്ടായിരുന്നു എന്നു വിലയിരുത്താനാവുന്ന ഒരു പുരാവൃത്തവും നിലവിലുണ്ട്. ആദ്യം ഈ ക്ഷേത്തിന്‍റെ ദര്‍ശനം കിഴക്കോട്ടായിരുന്നുവെന്ന സൂചനയും പ്രസ്തുത പുരാവൃത്തത്തിലുണ്ട്. ആ കഥ ഇങ്ങനെയാണ്:

‘ആദ്യം ഭഗവാന്‍റെ ദര്‍ശനം കിഴക്കേ കടവിനഭിമുഖമായിട്ടായിരുന്നു. ഒരിക്കല്‍ കരിപ്പുഴ തോട്ടിലൂടെ വള്ളത്തില്‍ കായംകുളത്തേക്ക് കൊണ്ടുപോയ കദളിപ്പഴത്തിന്‍റെ പങ്ക് തനിക്ക് നല്‍കാത്തതില്‍ പിണങ്ങി ഭഗവാന്‍ പുറംതിരിഞ്ഞിരുന്നു’.

എന്നാല്‍, ഈ കഥയ്ക്ക് ഒരു പാഠഭേദവും പറഞ്ഞു കേള്‍ക്കുന്നു. ‘ഇപ്പോള്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠ ചെയ്തിരിക്കുന്ന യക്ഷിയമ്മയുടെ ഉപദ്രവത്തില്‍ കുപിതനായാണ് ഭഗവാന്‍ പുറംതിരിഞ്ഞിരുന്നത്’ എന്നാണ് ആ ഭാഷ്യം.

പുരാവൃത്തം -നാല്

കാക്കോത്തിയമ്മ

പണ്ട് ഒരു മഹാബ്രാഹ്മണൻ ഏതോനാട്ടിൽ നിന്നും ഈ ദിക്കിൽ വന്നു ചേർന്നു. അതിസുന്ദരിയായ ഒരു കുറവ പെൺകുട്ടിയിൽ അയാൾ മോഹിതനായി. ക്രമേണ പെൺകുട്ടിയും അയാളിൽ അനുരക്തയായി. അവർ രഹസ്യമായി സംഗമിച്ചു. അയാളിൽനിന്നും അവൾ ഗർഭം ധരിച്ചു. വിവാഹത്തിന് പെൺകുട്ടി ബ്രാഹ്മണനെ നിർബന്ധിച്ചു. അയാൾ അതിനു തയ്യാറായില്ല. അവളുമായി വഴക്കായി. ദേക്ഷ്യംമൂത്ത് അയാൾ അവളെ തൊഴിച്ചു. നാഭിയിൽചവിട്ടേറ്റ പെൺകുട്ടി തൽക്ഷണം മരിച്ചു.

പിന്നീട് അവളുടെ ആത്മാവ് അലഞ്ഞുതിരിഞ്ഞു. പലരെയും ഉപദ്രവിച്ചു. മന്ത്രവാദികളുടെ സഹായത്തോടെ അവളെ ബന്ധിച്ചു. അവളുടെ ആഗ്രഹപ്രകാരം കരിപ്പുഴ തോടിൻ്റെ കരയിൽ പ്രതിഷ്ഠിച്ചു. ആ മൂർത്തിയാണ് കാക്കോത്തിയമ്മയായി അനുഗ്രഹം ചൊരിഞ്ഞ് ഏവൂർ കണ്ണമ്പള്ളിൽ ക്ഷേത്രത്തിൽ ഇന്നുകുടികൊള്ളുന്നത്.

വിവാഹം നടക്കാത്തവർ അവിടെ കരിവളയും പട്ടും മഞ്ചാടിമണികളും നടക്കുവെച്ചു പ്രാർത്ഥിക്കുന്നു. ഗർഭിണിയായ യുവതിയുടെ രൂപത്തിലാണ് പ്രതിഷ്ഠ. തലയിലെവട്ടി ഇടതുകൈകൊണ്ടുതാങ്ങിപ്പിടിച്ച്, വലതുകൈ അല്പം നീട്ടിപ്പിടിച്ചാണു നില്പ്. പ്ലാന്തടിയിലാണുശില്പം നിർമ്മിച്ചിരിക്കുന്നത്. നാലടിയോളം പൊക്കമുണ്ടിതിന്.

കുട്ടനാട്ടിലെ ഏതോസ്ഥലത്തുനിന്നും ഒഴുകിയെത്തിയതാണെന്നും അടുത്തിടയായി ആഖ്യാനമുണ്ട്.

പുരാവൃത്തം -അഞ്ച് സുബ്രഹ്മണ്യസ്വാമിയും പത്തിയൂരമ്മയും

പത്തിയൂർ ഭഗവതിയുടെ ഏഴാം ഉത്സവത്തിന് കിഴക്കേ നടയിലുള്ള കളിത്തട്ടിലേക്കു കരിപ്പുഴ തോടുകടന്നാണു ഭഗവതിയുടെ എഴുന്നള്ളത്ത്. ചടങ്ങുകൾക്കുശേഷം തിരികെ തോടിൻ്റെ കിഴക്കേനടയിൽ ഭഗവതി വരുന്നതുംകാത്ത് കളിവള്ളത്തിൽ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി കാത്തുനിൽക്കുമെന്നാണു സങ്കല്പം. 

ഭഗവാനെക്കണ്ട് ലജ്ജാവതിയായ ഭഗവതി തോടുകടക്കാൻ മടിച്ച് ആറാട്ടുകുളംനോക്കി കിഴക്കോട്ട് ഓടും. പിന്നീട് തിരികെവരും. ഒടുവിൽ, ദേവിയെക്കണ്ട് തൃപ്തനായി ഭഗവാൻ മടങ്ങിപ്പോയെന്നുറപ്പുവരുത്തിയശേഷമാണ് തിരികെ ശ്രീകോവിലിൽ പ്രവേശിക്കുന്നത്.

_____________________________ >> ഹരികുമാർ ഇളയിടത്ത് 



 

Comments

Popular Posts